സ്ത്രീകൾ വന്നാൽ ശബരിമലയിൽ കയറ്റുമോ?: ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ടെന്ന് കടകംപള്ളി

By Web TeamFirst Published Nov 14, 2019, 12:23 PM IST
Highlights

സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കും. വിധിയെ കണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു, പ്രതിപക്ഷം രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കരുത് . 

ഇടുക്കി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളിൽ തീരുമാനം ഏഴംഗ വിശാല ബെഞ്ചിന്റെ വിധിക്ക് ശേഷം മതിയെന്ന സുപ്രീംകോടതി തീരുമാനത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുപ്രീംകോടതി വിധി ഏത് സന്ദര്‍ഭത്തിലും സ്വീകരിക്കും. ഒരു സംശയവും ഇല്ലാതെ വിധിയെ കണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാമെന്നും ദേവസ്വം മന്ത്രി ഇടുക്കി കട്ടപ്പനയിൽ പ്രതികരിച്ചു. 

 പ്രതിപക്ഷം രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. പ്രകോപനം ഉണ്ടാക്കാനല്ല പ്രതിപക്ഷം ശ്രമിക്കേണ്ടത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് ആ മട്ടിൽ സുപ്രീംകോടതി വിധികളെ കാണാൻ കഴിയണം,  അല്ലാതെ പ്രകോപനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. 

നിലവിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ സ്ത്രീകളെത്തിയാൽ  ശബരിമല കയറ്റുമോ എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി. അനാവശ്യ കാര്യങ്ങൾ ചോദിക്കരുത്. വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരണം ആകാമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു, 

 

click me!