കൊച്ചി: കടയ്ക്കാവൂരിൽ അമ്മയ്ക്കെതിരായ പോക്സോ കേസിൽ കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അമ്മയുടെ ജാമ്യഹർജിയെ എതിർത്ത് സർക്കാർ കോടതിയിൽ വാദിച്ചു. കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.
കുട്ടിയ്ക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായി കുട്ടിയുടെ മൊഴികളിൽ പറയുന്നുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ഈ മരുന്ന് അമ്മയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാൽ അമ്മയ്ക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഒടുവിൽ നിലപാടെടുക്കുകയായിരുന്നു.
അതേ സമയം പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിതാവിന്റെ സമ്മർദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയിൽ അമ്മയുടെ വാദം. കേസിൽ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹർജിയിൽ വിധി പറയും. കഴിഞ്ഞ ഡിസംബർ 28 നാണ് കുട്ടിയുടെ അമ്മയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.