
ആലപ്പുഴ: അതിരാവിലെ തന്നെ പത്രങ്ങൾ ഓരോ വീടുകളിലുമെത്തിച്ച് ആറു പതിറ്റാണ്ട് പിന്നിട്ട പ്ലാസ്റ്റിക് വരിച്ചിലിന്‍റെ ലോകത്തേക്ക് ഓടിയെത്തുകയാണ് ഗോപാലൻ എന്ന എൺപതുകാരൻ. കടപ്ര പഞ്ചായത്തിലെ തേവേരിയിലെ പത്ര ഏജന്‍റും വിതരണക്കാരനുമായ വലിയകൊട്ടുക്കൽ ഗോപാലൻ ഇന്നും പ്ലാസ്റ്റിക് വരിച്ചിലിൽ ജീവിതം ചേർത്ത് പിടിക്കുകയാണ്. വരിച്ചിൽ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് കട്ടിലുകൾ, കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ വിവിധ വർണങ്ങളിൽ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈനുകളിൽ ചെയ്ത് കൊടുക്കുന്ന ഗോപാലന് വേണ്ടി ആൾക്കാരും കാത്തിരിപ്പിലാണ്. കാൽ നൂറ്റാണ്ടായ പത്രവിതരണവും പെയിന്റിംഗും തൊഴിലായി കൊണ്ട് നടക്കുന്നുണ്ടെങ്കിലും പരമ്പരാഗത തൊഴിലായ പ്ലാസ്റ്റിക്ക് വരിച്ചിലാണ് ഗോപാലന് ഏറെ സന്തോഷം നൽകുന്നത്. ചൂരൽ വരിച്ചിലിലും വൈദഗ്ധ്യമുണ്ടെങ്കിലും ചൂരൽ ലഭിക്കാത്തതിനാൽ അതിൽ നിന്നും അകന്നു.
പ്ലാസ്റ്റിക്, കുഷ്യൻ ഫർണിച്ചറുകളുടെ കടന്നുകയറ്റത്തോടെ അന്യം നിന്നുപോകാറായ പ്ലാസ്റ്റിക് വരിച്ചിലിൽ ഇന്നും ഏറെ തൊഴിൽ സാധ്യതയാണ് ഗോപാലൻ കണ്ടെത്തുന്നത്. അച്ഛൻ ശങ്കരനൊപ്പം ചെറുപ്രായത്തിലേ വരിച്ചിലിന്റെ ലോകത്തേക്ക് എത്തിപ്പെട്ടെങ്കിലും അച്ഛന്റെ മരണത്തോടെയാണ് പ്ലാസ്റ്റിക് വരിച്ചിൽ ഉപജീവനമാർഗ്ഗമാക്കിയത്. കടപ്ര, നിരണം, തിരുവല്ല, പരുമല, മാന്നാർ, ചെന്നിത്തല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഗോപാലന്റെ ആറു പതിറ്റാണ്ട് പിന്നിട്ട പ്ലാസ്റ്റിക്ക് വരിച്ചിലിലെ കരവിരുത് ഇന്നും തുടരുകയാണ്. ചങ്ങനാശേരി, കോട്ടയം മാർക്കറ്റുകളിൽ നിന്നുമാണ് വരിച്ചിലിനായുള്ള പ്ലാസ്റ്റിക്ക് എത്തിക്കുന്നത്. നേരത്തെ തൊട്ടടുത്തുള്ള കടകളിൽ നിന്ന് വരിച്ചിൽ പ്ലാസ്റ്റിക്ക് കിട്ടിയിരുന്നെങ്കിലും ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ മറ്റിടങ്ങളിലേക്ക് മാറുകയും പ്ലാസ്റ്റിക്കിന് വഴി മാറി പ്ലൈവുഡ് എത്തുകയും ചെയ്തതോടെയാണ് വരിച്ചിൽ പ്ലാസ്റ്റിക്ക് തേടി ദൂരദേശങ്ങളിലേക്ക് പോകേണ്ടി വരുന്നത്. കിലോക്ക് 450 മുതൽ വിലയും നൽകണം. പല വീടുകളിലും പ്ലാസ്റ്റിക് വരിഞ്ഞ പഴയ കസേരകളും മറ്റും പൊടി തട്ടിയെടുത്ത് പുതുതായി വരിഞ്ഞ് പ്രദർശന വസ്തുവായി മാറ്റുകയാണെന്ന് ഗോപാലൻ പറയുന്നു.
29 വർഷം മുമ്പ് ഭാര്യ ശാന്തമ്മ ജീവിതത്തിൽ നിന്നും വിടപറഞ്ഞെങ്കിലും ഗോപാലന്റെ ജീവിതം പിന്നീട് മക്കൾക്കായി മാറ്റിവെക്കുകയായിരുന്നു. പ്ലാസ്റ്റിക്ക് വരിച്ചിൽ ഒരു കലയായി കൊണ്ടു നടക്കുന്ന ഗോപാലന്റെ മക്കളും കലാ വാസനയുള്ളവരാണ്. ഗായികയായ മൂത്ത മകൾ ഓമന ജയപ്രകാശ് ഗാനമേള ട്രൂപ്പുകളിലും സജീവമാണ്. ഫോട്ടോഗ്രാഫിയിലാണ് രണ്ടാമത്തെ മകൻ സന്തോഷിന്റെ കലാവാസന. കടപ്രയിൽ തന്നെ സ്റ്റുഡിയോ നടത്തുകയാണ് സന്തോഷ്. മൂന്നാമത്തെ മകൻ സതീഷ് വാദ്യകലാകാരനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam