കക്കി ആനത്തോട് അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു: ഒരു മണിയോടെ പമ്പ ത്രിവേണിയിൽ ജലനിരപ്പുയരും

By Web TeamFirst Published Oct 18, 2021, 12:15 PM IST
Highlights

2018- ലെ പ്രളയകാലത്ത് തുറന്നു വിട്ടതിൻ്റെ പത്തിലൊരു ശതമാനം ജലം മാത്രമാണ് ഇപ്പോൾ ഡാമിൽ നിന്നും പുറത്തു വിടുന്നതെന്ന് റവന്യു മന്ത്രി വ്യക്തമാക്കി

പത്തനംതിട്ട: കക്കി ആനത്തോട് (kakki dam) അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് (water level) പൂർണ സംഭരണശേഷിയിലേക്ക് എത്തിയതോടെയാണ് കക്കി ഡാമിൻ്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ മുപ്പത് സെമീ വീതം തുറന്നു കൊടുത്തത്. ഡാമിൻ്റെ ഷട്ടറുകൾ തുറന്ന സ്ഥിതിക്ക് പമ്പയിൽ പത്ത് മുതൽ പതിനഞ്ച് സെമീ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ടയുടെ ചുമതലുയള്ള ആരോഗ്യമന്ത്രി വീണ ജോർജ്ജും (veena george) റവന്യൂ മന്ത്രി കെ.രാജനും (k rajan) അറിയിച്ചു.

2018- ലെ പ്രളയകാലത്ത് തുറന്നു വിട്ടതിൻ്റെ പത്തിലൊരു ശതമാനം ജലം മാത്രമാണ് ഇപ്പോൾ ഡാമിൽ നിന്നും പുറത്തു വിടുന്നതെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ലെങ്കിലും ഒക്ടോബർ 21 മുതൽ 24 വരെ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അതു കൂടി മുന്നിൽ കണ്ടാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. 

ഡാം തുറക്കുമ്പോൾ ആദ്യം പമ്പ-ത്രിവേണിയിലേക്കും പിന്നെ കണമല വഴി പെരുന്തേനരുവി വഴി കക്കട്ടാറിലും പിന്നെ പെരുന്നാട് കഴിഞ്ഞ വടശ്ശേരിക്കരയിലും അവിടെ നിന്നും അപ്പർ കുട്ടനാട്ടിലേക്കും ജലമെത്തും. ഈ പാതയിലുള്ള എല്ലായിടത്തും ക്യാംപുകൾ സജ്ജമാകക്കുയും വെള്ളപ്പൊക്ക ഭീഷണിനേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും പൊലീസും ദുരന്തനിവരാണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ എയർ ലിഫ്റ്റിംഗിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു. കക്കി ഡാം തുറന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് ഉചിതമാകില്ലെന്നും കെ.രാജൻ പറഞ്ഞു. 

click me!