
തിരുവനന്തപുരം: കളിയാക്കാവിളയില്‍ തമിഴ്നാട് എസ്ഐ വിൽസെനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തെരുവുനായ്ക്കളെ വെട്ടിപരിക്കേൽപ്പിച്ച് ആയുധപരിശീലനം നടത്തിയ കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോർട്ട്. 2013ൽ തിരുവനന്തപുരം കരമന പൊലീസാണ് വിൽസനെ കൊന്ന പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന പ്രതി അബ്ദുൾ സമീമിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമായിരുന്നു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. കേസിൽ അബ്ദുൾ സമീമിന് ജാമ്യം ലഭിക്കുകയും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ വിൽസെനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി തക്കലെ സ്വദേശിയായ അബ്ദുൾ സമീമിനായി തമിഴ്നാട്-കേരള പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കേസിലെ പ്രതികളായ അബ്ദുള്‍ സമീം, തൗഫിഖ് എന്നിവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കന്യാകുമാരിയിലെ തീരദേശപ്രദേശങ്ങളിൽ രഹസ്യ ആയുധ പരിശീലനം നടത്തുന്ന 12 അംഗ തീവ്രവാദ സംഘടനയിൽനിന്നുള്ളവരാണ് പ്രതികളെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി കേരള പൊലീസ് പറഞ്ഞു. ബന്ധുക്കളെയും മറ്റ് സഹപ്രവർത്തകരെയും കാണുന്നതിനായി പ്രതികൾ നിരന്തരമായി തിരുവനന്തപുരം സന്ദർശിക്കാറുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.വ്യാഴാഴ്ച തിരുവനന്തപുരത്തെ തീരദേശമേഖലയിൽ തമിഴ്നാട് പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
വെടിവയ്പ്പിന് ശേഷം പ്രതികൾ ഇവിടെ അഭയംതേടിയെന്ന തരത്തിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്നായി തെരച്ചിൽ സംഘടിപ്പിച്ചത്. കേരള പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചിന്റെ തെരച്ചിൽ. അതേസമയം, പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കന്യാകുമാരി പൊലീസ്.
Read More: കളിയിക്കാവിള: പൊലീസുകാരനെ വെടിവെച്ച് കൊന്ന പ്രതികൾക്കായി അന്വേഷണം ഊർജിതം
ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികൾ ചേർന്ന് വെടിവച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കളിയിക്കാവിള ചെക്ക് പോസ്റ്റ് ചുമതലയായിരുന്നു എസ്ഐയായിരുന്ന വിൽസണ് ഉണ്ടായിരുന്നത്. കേരള - തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് വിൽസൺ. മണൽകടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ, സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam