പാറശ്ശാല: കളയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിൽ കേരള - തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉള്‍ള്ളപ്പെടെയുള്ള തടവുകരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. 

പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലിസിന്റെ നിഗമനം.

Read More: കളിയിക്കാവിള: എഎസ്ഐയുടെ കൊലപാതകത്തിന് കാരണം 'അറസ്റ്റ്'?

പ്രതികൾക്കായി സംസ്ഥാനമെമ്പാടും ഊർജിത തെരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാൻ നിർദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കൽ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്. വ്യക്തമായ ക്രിമിനൽ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവ‍ർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

സംഭവിച്ചതെന്ത്?

ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേർന്ന് വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രധാനതെളിവ് കിട്ടിയത്. 

Read More: കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...

കളിയിക്കാവിള ചെക്ക് പോസ്റ്റ് ചുമതലയായിരുന്നു എസ്ഐയായിരുന്ന വിൽസണ് ഉണ്ടായിരുന്നത്. കേരള - തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് പരിധിയിലുള്ള കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് വിൽസൺ. മണൽകടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഡ്യൂട്ടിയിൽ വിൽസൺ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‍നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്.