കള്ളാക്കുറിച്ചിയിലെ ആത്മഹത്യ; പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി, സംസ്ക്കാരം ഇന്ന്

Published : Jul 23, 2022, 09:02 AM ISTUpdated : Jul 23, 2022, 10:12 AM IST
കള്ളാക്കുറിച്ചിയിലെ ആത്മഹത്യ; പെൺകുട്ടിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി, സംസ്ക്കാരം ഇന്ന്

Synopsis

ഇന്ന് രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതശരീരം ഏറ്റുവാങ്ങണമെന്നും വൈകിട്ടോടെ സംസ്കരിക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്.

ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം മാതാപിതാക്കൾ ഏറ്റുവാങ്ങി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാവിലെ ഏഴ് മണിക്ക് മുമ്പ് മൃതശരീരം ഏറ്റുവാങ്ങണമെന്നും വൈകിട്ടോടെ സംസ്കരിക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

റീ പോസ്റ്റ്‍മോർട്ടം നടന്ന ദിവസം മുതൽ മാതാപിതാക്കൾ കടലൂരിലെ വീട്ടിൽ ഉണ്ടായിരുന്നില്ല. മൃതദേഹം ഏറ്റുവാങ്ങണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സിബിസിഐഡി ഉദ്യോഗസ്ഥർ വീടിന്‍റെ വാതിലിൽ നോട്ടീസ് പതിച്ചിരുന്നു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഉടൻ സംസ്കരിക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശമെങ്കിലും ഏറ്റുവാങ്ങാൻ ആളെത്താത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പെൺകുട്ടിയുടെ രണ്ട് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ സതീഷ് കുമാർ കഴിഞ്ഞ ദിവസം പരിശോധിച്ചു.

തമിഴ്നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ആഴ്ചയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപക‍ർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.   താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തന്‍റെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Also Read: കള്ളാക്കുറിച്ചിയിലെ അക്രമം: അന്വേഷണത്തിന് പ്രത്യേക സംഘം, കളക്ടറേയും പൊലീസ് മേധാവിയേയും മാറ്റി

അതിനിടെ, പെൺകുട്ടി താഴേക്ക് ചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സിബിസിഐഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മിൽ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്‍റെ ഫോറൻസിക്, കയ്യക്ഷര പരിശോധനകളും നടത്തി. പ്രതിഷേധത്തിനിടെ ആസൂത്രിത ആക്രമണം നടന്നതിനെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും സ്കൂളിലും പരിസരത്തുമെത്തി തെളിവെടുത്തു. അതേസമയം, സംഘർഷ സാധ്യത നിലനിൽക്കുന്ന കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്