Asianet News MalayalamAsianet News Malayalam

കള്ളാക്കുറിച്ചിയിലെ അക്രമം: അന്വേഷണത്തിന് പ്രത്യേക സംഘം, കളക്ടറേയും പൊലീസ് മേധാവിയേയും മാറ്റി

സേലം ഡിഐജി പ്രവീൺ കുമാർ അഭിനപിന്‍റെ നേതൃത്വത്തിലാണ് സംഘം. അക്രമം സംഘടിപ്പിച്ചതിന് പിന്നിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും. 

special investigation team has been formed to probe the violence in kallakurichi in tamil nadu
Author
Chennai, First Published Jul 19, 2022, 5:43 PM IST

ചെന്നൈ: തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ അക്രമം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സേലം ഡിഐജി പ്രവീൺ കുമാർ അഭിനപിന്‍റെ നേതൃത്വത്തിലാണ് സംഘം. അക്രമം സംഘടിപ്പിച്ചതിന് പിന്നിലെ ഗൂഢാലോചന അടക്കം അന്വേഷിക്കും. കള്ളാക്കുറിച്ചി ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും മാറ്റാനും സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് തീരുമാനങ്ങൾ. 

അതേസമയം കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ റീ പോസ്റ്റ്ർമോർട്ടം പുരോഗമിക്കുകയാണ്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ എത്തിയിട്ടില്ല. ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പോസ്റ്റുമോര്‍ട്ടം തുടങ്ങിയത്. ഡോക്ടർമാരുടെ സംഘം രാവിലെ മുതൽ കള്ളാക്കുറിച്ചി ജില്ലാ ആശുപത്രിയിൽ കാത്തുനിന്നിട്ടും പെൺകുട്ടിയുടെ കുടുംബം എത്തിയിട്ടില്ലെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടർ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. തങ്ങൾ നിർദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്‌മോർട്ടം സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ നൽകിയ ഹർജി രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. 

അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപക‍ർ തന്നെ വല്ലാതെ മാനസിക സംഘർഷത്തിൽ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ഇംഗ്ലീഷ് ലിപിയിലെഴുതിയ തമിഴിലാണ് കുറിപ്പ്. താൻ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകർ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചർ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്കൂൾ ഫീസ് തന്‍റെ അമ്മയ്ക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios