
തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും ലേഖനത്തിന് ഏറ്റവും അനുയോജ്യമായ തലക്കെട്ടായിരുന്നുവെന്നും ലേഖന വിവാദത്തിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്റർക്ക് മറുപടി നൽകി വാരാന്തപതിപ്പ് എഡിറ്റർ. കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയായാണ് മറുപടി. തെറ്റ് ഉണ്ടെങ്കിൽ തിരുത്താമെന്നും വാരാന്തപതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ മറുപടി നൽകി. ലേഖനത്തിന്റ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം. വിവാദ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വിമർശനമുണ്ട്. വിവാദം മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വി എസ് അച്യുതാനന്ദൻ്റെ കുടുംബം രംഗത്തെത്തി.
വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിഎസിന്റെ മകൻ വി എ അരുൺകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു. അതിനിടെ, വിഎസിൻ്റെ ഓർമക്കുറിപ്പുകളുമായി ഒടുവിൽ ദേശാഭിമാനി വാരാന്തപതിപ്പ് പുറത്തിറങ്ങി. വിഎസിൻ്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ വി സുധാകരൻ ഉൾപ്പടെയുള്ളവർ എഴുതിയ ഓർമകുറിപ്പുകളോടെയാണ് മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടിലുള്ള കവർസ്റ്റോറി. അച്ചടിച്ച വാരാന്ത പതിപ്പ് ഇന്നലെ പുറത്തിറങ്ങാത്തത് വിവാദമായിരുന്നു. കള്ളൻ വിജയൻ എന്ന നാടകപ്രവർത്തകനെ പറ്റിയുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ തർക്കമാണ് കാരണമെന്നാണ് വിവരം. നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല.
എന്നാല്‍, ദേശാഭിമാനി ലേഖകൻ തന്നെ വന്ന് കണ്ടു എന്ന് ആവർത്തിച്ച് പറയുകയാണ് കള്ളന്‍ വിജയൻ. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. ലേഖനം ദേശാഭിമാനി ഇഷ്ടമുള്ളപ്പോൾ ഇറക്കട്ടെയെന്നും വിജയൻ പറഞ്ഞു. വിജയനെകുറിച്ചുള്ള ലേഖനം ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജ് ഇന്നലെ വിശദീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam