കല്ലേൻ പൊക്കുടൻ്റെ സ്വപ്നം: ഏഴോം പഞ്ചായത്തിലെ കണ്ടൽ കാട് ഇനിയും റിസർവ് വനമായി പ്രഖ്യാപിച്ചില്ല

By Web TeamFirst Published Jun 5, 2020, 9:50 AM IST
Highlights

പഴയങ്ങാടിപ്പുഴയോരത്ത് കണ്ടലിന്റെ തണലിൽ പൊക്കുടനും ഭാര്യയും ഉറങ്ങുന്നു. കാണാകയങ്ങളിലേക്ക് കൂട്ടുവന്ന വഞ്ചിയും ഓർമ്മകൾ അയവിറക്കി തീരത്തുണ്ട്. പക്ഷെ കല്ലേൻ പൊക്കുടന്റെ കാവലില്ലാത്ത പ്രാന്തൻ കണ്ടലിന്റെ ജീവിതം ഇന്ന് അനാഥമാണ്.

കണ്ണൂ‍ർ: കേരളത്തിന്റെ ജൈവ സമ്പത്തായ കണ്ടൽ കാടുകൾ ചെമ്മീൻ കൃഷിക്കായി വ്യാപകമായി നശിപ്പിക്കുന്നു. ഏറ്റവും കൂടുതൽ കണ്ടൽകാടുള്ള കണ്ണൂരിൽ ലോക്ഡൗണിനിടെ 100 ഏക്കറിലധികം കണ്ടൽ ചെടികളാണ് നശിപ്പിക്കപ്പെട്ടത്. ഇതേസമയം ഏഴോം പഞ്ചായത്തിലെ 500 ഏക്കർ കണ്ടൽകാട് റിസർവ് വനമായി പ്രഖ്യാപിക്കണമെന്ന കല്ലേൻ പൊക്കുടന്റെ ആവശ്യം അദ്ദേഹം മരണപ്പെട്ട് അഞ്ച് വർഷമാകുമ്പോഴും നടപ്പായിട്ടില്ല.

പഴയങ്ങാടിപ്പുഴയോരത്ത് കണ്ടലിന്റെ തണലിൽ പൊക്കുടനും ഭാര്യയും ഉറങ്ങുന്നു. കാണാകയങ്ങളിലേക്ക് കൂട്ടുവന്ന വഞ്ചിയും ഓർമ്മകൾ അയവിറക്കി തീരത്തുണ്ട്. പക്ഷെ കല്ലേൻ പൊക്കുടന്റെ കാവലില്ലാത്ത പ്രാന്തൻ കണ്ടലിന്റെ ജീവിതം ഇന്ന് അനാഥമാണ്.

പാഴ്ചെടിയല്ല ഭൂമിയുടെ വേരും വൃക്കയുമാണ് കണ്ടലുകളെന്ന് രണ്ടാം ക്ലാസുകാരൻ പൊക്കുടൻ മരിക്കും വരെയും പറഞ്ഞു. ചെവികൊടുക്കാൻ കൂട്ടാക്കാത്തവരോടൊക്കെയും കലഹിച്ചു. കണ്ടലിൻ്റെ വൈവിധ്യം പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുകയായിരുന്നു പൊക്കുടന്റെ സ്വപ്നം. വീടിന് പിന്നിൽ സ്വപ്നം പണിയുന്നതിനിടെ പൊക്കുടൻ മണ്ണിലേക്ക് മടങ്ങി.

500 ഏക്കറിൽ നെരങ്ങിന്റെ മാട് കണ്ടൽ കാട് റിസർവ്വ് വനം ആക്കുമെന്ന് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് നൽകിയ ഉറപ്പ് ഫയലിൽ ഉറങ്ങുന്നുണ്ട്. ഏഴോം കർഷക സമരം നയിച്ച, തോർത്തുമുണ്ടും ഉടുത്ത് ചാക്കിൽ വിത്തുമായി ഒരായുഷ്കാലം ചെളിയിലേക്ക് നടന്നുപോയ പൊക്കുടൻ. കണ്ടൽ കാട് തരിശ് ഭൂമിയാണെന്ന് പറയുമ്പോൾ തള്ളിപ്പറയുന്നത് ജീവന്റെ ഉപ്പിനെത്തന്നെയാണ്.

click me!