ഗർഭിണിയായ ആനയുടെ മരണം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ, അറസ്റ്റുണ്ടായേക്കും

Web Desk   | Asianet News
Published : Jun 05, 2020, 09:11 AM ISTUpdated : Jun 05, 2020, 11:13 AM IST
ഗർഭിണിയായ ആനയുടെ മരണം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ, അറസ്റ്റുണ്ടായേക്കും

Synopsis

വന്യമൃഗങ്ങളെ തുരത്താൻ ഈ മേഖലയിൽ ചിലർ വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവരിലൊരാൾക്ക് നേരിട്ട് കൃത്യത്തിൽ പങ്കുണ്ടെന്നാണ് വിവരം.

കരുവാരക്കുണ്ട് കേന്ദ്രീകരിച്ചും നടത്താൻ തീരുമാനം. നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളെ തുരത്താൻ ഈ മേഖലയിൽ ചിലർ വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം മലപ്പുറം ജില്ലയിലെ വനമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.

വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

കഴിഞ്ഞ ദിവസം പാലക്കാട് - മലപ്പുറം അതിർത്തിയായ കരുവാരക്കുണ്ട് മേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് വനമേഖലയോട് ചേർന്നുളള തോട്ടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താൻ സ്ഫോടകവസ്തുക്കൾ നിറച്ച ആഹാരസാധനങ്ങൾ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.

കരുവാരക്കുണ്ട് ഉൾവനത്തിലൂടെ കഷ്ടിച്ച് പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പലപ്പാറയിലെത്താം. ചരിഞ്ഞ ആനയുടെ മുറിവിന്റെ പഴക്കവും, പരിക്കേറ്റ ആന ജലാശയം തേടി കിലോമീറ്ററുകൾ സഞ്ചരിക്കുമെന്നതും കണക്കിലെടുത്താണ് കരുവാരക്കുണ്ടിൽ നിന്നാവാം ആനയ്ക്ക് പരിക്കേറ്റതെന്ന സാധ്യതയിലേക്ക് അന്വേഷണ സംഘമെത്തുന്നതും. ആന ചരിഞ്ഞ സംഭവത്തിൽ നിലവിൽ വനംവകുപ്പും മണ്ണാർക്കാട് പൊലീസും പ്രത്യേകം കേസ്സെടുത്തിട്ടുണ്ട്. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം