Asianet News MalayalamAsianet News Malayalam

മണിച്ചൻ ഉള്‍പ്പടെ 33 തടവുകാർ പുറത്തേക്ക്; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി.

manichan released governor arif mohammad khan signed the file
Author
Thiruvananthapuram, First Published Jun 13, 2022, 2:38 PM IST

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു. ഗവര്‍ണ്ണറുടെ തീരമാനം വന്നെങ്കിലും മണിച്ചന്‍ ജയിൽ മോചിതനാകാൻ പിഴ കൂടി അടയ്‍ക്കേണ്ടിവരും. തടവ് ശിക്ഷയില്‍ മാത്രമാണ് ഇളവ് നൽകിയതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ജയില്‍ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും  ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 

Also Read: പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് തലസ്ഥാനം നിയന്ത്രിച്ച അബ്കാരിയിലേക്ക്, ആരായിരുന്നു മണിച്ചൻ?

കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷ മദ്യദുരന്തം

ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 31 പേര്‍ മരിച്ച സംഭവത്തിലെ മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്‍റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.  

2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി. 

കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് ഇടത് മുന്നണി ഒതുങ്ങാനിടയായതിന്‍റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനായർ സർക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സർക്കാരിന്‍റെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്. 

Also Read: നായനാര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷമദ്യദുരന്തം, മണിച്ചൻ ഒടുവിൽ പിണറായി കാലത്ത് പുറത്തേക്ക്

Follow Us:
Download App:
  • android
  • ios