Asianet News MalayalamAsianet News Malayalam

നായനാര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിഷമദ്യദുരന്തം, മണിച്ചൻ ഒടുവിൽ പിണറായി കാലത്ത് പുറത്തേക്ക്

നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.  

kalluvathukkal hooch tragedy case Convict manichan release in pinarayi government period after 22 years
Author
Kerala, First Published Jun 13, 2022, 2:57 PM IST

തിരുവനന്തപുരം: ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തം. 31 പേര്‍ മരിച്ച സംഭവത്തിലെ മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്റെ കാലത്ത് അകത്തായ മണിച്ചൻ പിണറായി സർക്കാരിന്റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. ഈ കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന അവസാന പ്രതിയാണ് പുറത്തിറങ്ങുന്നത്.  

2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ  31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി. 

മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു

ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ടു. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകള്‍ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. കള്ളഷാപ്പിന്റെ മറവിൽ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിന് രാഷ്ട്രീയ- ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന്  ക്രൈം ബ്ര‍ാഞ്ച് ഐജി സിബി മത്യൂസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ ഓരോ കണ്ടെത്തലും സർക്കാരിന് തിരിച്ചടിയായി. മാസപ്പടി ഡയറി പിടിച്ചു. മണിച്ചൻ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന സ്പരിറ്റ് ശേഖരവും കണ്ടെത്തി. സിപിഎം ജില്ലാ സെക്രട്ടറിയും, എംഎൽഎയും സിപിഐ എംഎൽഎയും ഉള്‍പ്പെടെ ഉന്നത നിരതന്നെ ഉണ്ടായിരുന്നു മാസപ്പടി ലിസ്റ്റിൽ, മണിച്ചൻ എന്ന അബ്കാരി തഴച്ച് വളര്‍ന്നത് സര്‍ക്കാര്‍ തണലിലായിരുന്നു എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു. 

പൊടിയരിക്കഞ്ഞി കച്ചവടത്തിൽ നിന്ന് തലസ്ഥാനം നിയന്ത്രിച്ച അബ്കാരിയിലേക്ക്, ആരായിരുന്നു മണിച്ചൻ?

കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനെടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലൻസ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടതു സർക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായി കല്ലുവാതുക്കൽ ദുരന്തം. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക്  ഇടതുമുന്നണി ഒതുങ്ങാനിടയായതിന്റെ പ്രധാന കാരണവും മദ്യ ദുരന്തമായിരുന്നു. നായനായർ സർക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കിയ മദ്യ ദുരന്തത്തിലെ മുഖ്യ പ്രതി പിണറായി സർക്കാരിന്റെ കാലത്ത് പുറത്തിറങ്ങുന്നുകയാണ്. 

Follow Us:
Download App:
  • android
  • ios