
തിരുവനന്തപുരം: കെ റെയില്‍ (K Rail) പദ്ധതി നടപ്പാക്കാന്‍ സഹായമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട ഇടത് എംപിമാർക്കൊപ്പം ബിനോയ് വിശ്വം (Binoy Viswam) പോകാത്തത് വിയോജിപ്പുകൊണ്ടല്ലെന്ന് കാനം രാജേന്ദ്രൻ. ഇടത് എം പിമാരുടെ സംഘത്തിൽ ബിനോയ് വിശ്വത്തിന്‍റെ അഭാവം ചർച്ചയാകുന്നതിനിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
സിൽവർ ലൈൻ പ്രോജക്ടിനോടുള്ള വിയോജിപ്പ് കാരണമല്ല ബിനോയ് വിശ്വത്തിന്‍റെ അസാന്നിധ്യമെന്ന് അദ്ദേഹത്തോട് സംസാരിച്ച ശേഷം കാനം വ്യക്തമാക്കി. ഡോക്ടറെ കാണാനുള്ളതിനാലാണ് ബിനോയ് വിശ്വത്തിന് ഇടത് എംപിമാരുടെ സംഘത്തോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാനാകാത്തതെന്ന് അദ്ദേഹം വിവരിച്ചു. ഇടത് എംപിമാരുടെ നിലപാട് കേൾക്കണം എന്നാവശ്യപ്പെട്ട് ബിനോയ് വിശ്വവും ഒപ്പിട്ട കത്തു നൽകിയിരുന്നെന്നും കാനം വിവരിച്ചു.
'പദ്ധതി തകർക്കാന്‍ അനുവദിക്കരുത്'; റെയില്‍വേ മന്ത്രിയെ കണ്ട് ഇടത് എംപിമാര്‍
ഇന്ന് ഉച്ചയോടെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സഹായമാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ (Ashwini Vaishnaw) ഇടത് എംപിമാർ കണ്ടത്. പദ്ധതി തകർക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് എംപിമാര്‍ അഭ്യർത്ഥിച്ചു. എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് മന്ത്രിയെ കണ്ടത്. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണങ്ങളും ഗുണങ്ങളും വ്യക്തമാക്കിയുള്ള രണ്ട് പേജുള്ള നിവേദനം എംപിമാര്‍ മന്ത്രിക്ക് നല്‍കി.
കെ റെയിലിനായി റെയില്‍വേ മന്ത്രിയെ കണ്ട് ഇടത് എംപിമാര്‍, ക്ഷണിച്ചിട്ടും പോകാതെ ബിനോയ് വിശ്വം
സംഘത്തോടൊപ്പം ബിനോയ് വിശ്വം പോകാത്തത് വലിയ ചർച്ചയായി മാറുകയായിരുന്നു. അശ്വിനി വൈഷ്ണവിനെ കാണാനുള്ള സിപിഎം ക്ഷണം ബിനോയ് വിശ്വം നിരസിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പിലുള്ളപ്പോള്‍ കണ്ണടച്ച് അനുകൂലിക്കാനാകില്ലെന്ന നിലപാടാണ് ബിനോയ് വിശ്വത്തിന്‍റേതെന്ന സൂചനകളാണ് പുറത്തുവന്നത്. പദ്ധതിയെ കാനം അനുകൂലിക്കുകയാണെങ്കിലും സിപിഐയിൽ വ്യത്യസ്ത പക്ഷമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ സിപിഐ സംസ്ഥാന കൗൺസിലിലും പദ്ധതിക്കെതിരെ വ്യത്യസ്ത നിലപാട് ഉയർന്നിരുന്നു. എന്തായാലും കാനത്തിന്‍റെ പ്രതികരണത്തോടെ തത്കാലം വിവാദം കെട്ടടങ്ങുകയാണ്.
കെഎസ്ആർടിസിയെ നന്നാക്കാനാവാത്ത സർക്കാരാണ് സിൽവർ ലൈൻ ഓടിക്കാൻ പോകുന്നത്: വിഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam