'എൽദോയെ തല്ലിയത് സമരത്തിന് പോയിട്ട്', പൊലീസിന്‍റെ 'തല്ലി'നെ ന്യായീകരിച്ച് കാനം

By Web TeamFirst Published Jul 25, 2019, 7:40 PM IST
Highlights

മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ എന്നും കാനം. 

തിരുവനന്തപുരം: ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എൽദോ എബ്രഹാമിന്‍റെ കൈ തല്ലിയൊടിച്ച പൊലീസിനെ വിമര്‍ശിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീട്ടിലിരുന്ന എംഎല്‍എയെ അല്ല, സമരത്തിന് പോയ എംഎൽഎയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. എകെജി സെന്‍ററില്‍ വച്ച് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.

അനീതിയെ എതിര്‍ക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ കടമയാണ്. ഇതിനിടെ പൊലീസ് നടപടി നേരിടേണ്ടി വരും. മാധ്യമങ്ങളുടെ ട്യൂണിന് അനുസരിച്ച് തുള്ളുന്ന പാർട്ടിയല്ല സിപിഐ. പക്വതയോടെ മാത്രമേ സിപിഐ പ്രതികരിക്കൂ എന്നും കാനം പറഞ്ഞു.

ചൊവ്വാഴ്ചയാണ് എറണാകുളത്തെ റേഞ്ച് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സിപിഐയുടെ മാര്‍ച്ച്. 

മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു. പൊലീസ് നടപടിയില്‍ കൈയൊടിഞ്ഞ എംഎല്‍എ ഇന്നാണ് ആശുപത്രി വിട്ടത്. 

അതേസമയം സിപിഐയുടെ ഡിഐജി ഓഫീസ് മാര്‍ച്ച്  കാനത്തിന്‍റെ അറിവോടെയന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു. മാര്‍ച്ച് കാനത്തിന്‍റെ അറിവോടെയെന്നും കാനം ഇപ്പോള്‍ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അറിയില്ലെന്നും പറഞ്ഞ പി രാജു കാര്യങ്ങള്‍ നേരിട്ട് കാനത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.

അതേസമയം കാനത്തിന്‍റെ പ്രതികരണത്തില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സമരത്തിനിടയിലെ പൊലീസ് നടപടി സ്വഭാവികമെന്നാണ് കാനം ഉദ്ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ അതൃപ്തിയില്ലെന്നും എല്‍ദോ പറഞ്ഞു. 

click me!