
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‍സന്‍ നിയമനം യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹൈക്കോടതി നൽകിയ ജഡ്ജിമാർക്ക് പ്രാധാന്യം നൽകണം. നടപടി ക്രമം പാലിച്ചേ നിയമനം നടക്കുവെന്ന് കാനം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് സിപിഎം നോമിനിയായ കെ വി മനോജ് കുമാറിനെ നിയമിക്കാനാണ് സർക്കാർ നീക്കം. മൂന്ന് വർഷം ചീഫ് സെക്രട്ടറി റാങ്കിൽ ശമ്പളം ലഭിക്കുന്ന അർദ്ധജുഡീഷ്യൽ അധികാരങ്ങളുള്ള സുപ്രധാന പദവിയാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‍സന്‍. കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള അറിവും, പ്രവർത്തനമികവുമാണ് പ്രധാന യോഗ്യത.
എന്നാല്‍ അഭിഭാഷകനും സ്‍കൂള്‍ പിടിഎ അംഗവുമായ കെ വി മനോജ് കുമാറിനെയാണ് മെയ് മാസം 25, 26 തീയതികളില്‍ നടന്ന അഭിമുഖത്തിലൂടെ ചെയര്‍പേഴ്‍സന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പോക്സോ വിധിന്യായങ്ങളിലൂടെ ശ്രദ്ധ നേടിയ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, തലശേരി ജില്ലാ ജഡ്ജി ടി ഇന്ദിര എന്നിവർ അഭിമുഖത്തിൽ കെ വി മനോജ്‍ കുമാറിനും പിന്നിലായിയെന്നത് വിചിത്രം. ചൈൽഡ് വെൽഫയർ സമിതികളിൽ അടക്കം സജീവമായ അരഡസൻ ബാലാവകാശ പ്രവർത്തകരെയും തഴഞ്ഞു. സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ഉൾപ്പെട്ട സമിതിയാണ് മനോജിനെ തെരഞ്ഞെടുത്തത്. വിജിലൻസ് പരിശോധനയും കഴിഞ്ഞതിനാല്‍ ഉടൻ നിയമനമുണ്ടാകും. തലശേരിയിലെ അഭിഭാഷക സംഘടനാ നേതാവും സിപിഎം പ്രവർത്തകനുമാണ് മനോജ് കുമാര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam