'എൽഡിഎഫിന്‍റെ പേരിൽ ആരും വിലപേശണ്ട', ആരെയും മുന്നണിയിലെടുക്കില്ലെന്ന് കാനം

By Web TeamFirst Published Jun 24, 2020, 8:54 AM IST
Highlights

'വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്'.

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിന്‍റെ "നമസ്തേ കേരള"ത്തില്‍ പ്രതികരിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണ തുടർച്ചയുണ്ടാകുമെന്നും കാനം രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും. യുഡിഎഫ് ദുര്‍ബലമാകുകയാണ്. അതേസമയം, എൽഡിഎഫിനെ ദുര്‍ബലമാക്കുന്നതൊന്നുമില്ല. ശക്തമായി നിൽക്കുന്ന എൽഡിഎഫിലേക്ക് ഇപ്പോൾ ആരെയും എടുക്കാനുദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാകില്ല. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് യുഡിഫിനുള്ളിൽ ആരും വിലപേശേണ്ടതില്ലെന്നും കേരളാകോൺഗ്രസിലെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

'മുന്നണി വിടുമോ എന്ന് ചോദിക്കേണ്ടത് ജോസഫിനോട്'; ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി

അതേ സമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം മുസ്ലിം ലീഗിന് ഗുണം ചെയ്യില്ലെന്നും കാനം പ്രതികരിച്ചു. അജണ്ടകളുള്ള പാര്‍ട്ടിയുമായി ലീഗ് കൂട്ടുകൂടരുത്. അത് ലീഗിന് ആത്മഹത്യാപരമായിരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കുറേ കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

click me!