Asianet News MalayalamAsianet News Malayalam

'മുന്നണി വിടുമോ എന്ന് ജോസഫിനോട് ചോദിക്കൂ'; അഭ്യൂഹം തള്ളി ജോസ് കെ മാണി

പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്ന് ജോസ് കെ മാണി ആരോപിക്കുന്നത്.

Jose K Mani says no ldf entry
Author
Thiruvananthapuram, First Published Jun 24, 2020, 7:42 AM IST

തിരുവനന്തപുരം: ഇടത് മുന്നണിയിലേക്ക് എന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി. ഇടത് മുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുന്നത് ജോസഫ് വിഭാഗമാണെന്നും മുന്നണി വിടുമോ എന്ന കാര്യം ജോസഫ് വിഭാഗത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്‍ മികച്ച നേതാവെന്ന പി ജെ ജോസഫിന്‍റെ ലേഖനവും പ്രസ്താവനയും ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണിയോട് അടുക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി ആരോപിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പാര്‍ട്ടി രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം പരസ്യമായി നിരാകരിച്ചതോടെ ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം നോക്കുന്നത്. 

കേരള കോണ്‍ഗ്രസില്‍ മറ്റൊരു മുന്നണി മാറ്റത്തിന് കളമൊരുങ്ങുകയാണോ എന്ന സംശയം ബലപ്പെടുന്ന സൂചനകളാണ് പുറത്ത് വന്നിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്നാല്‍ ജോസ് കെ മാണി വിഭാഗം ഇടതു പിന്തുണ സ്വീകരിച്ചേക്കുമെന്നും ഇത് മുന്നണി മാറ്റത്തിലേക്ക് എത്തുമെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് ഇടത് മുന്നണിയെ ലക്ഷ്യമിടുന്നത് ജോസഫ് വിഭാഗമാണെന്ന് ജോസ് കെ മാണി തിരിച്ചടിച്ചത്.

രണ്ടായി മാറിയിട്ടും മുന്നണിയില്‍ നിന്ന് പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചക്ക് ഒരുങ്ങുകയാണ്. എങ്കിലും രണ്ട് കൂട്ടര്‍ക്കും ഒരേ പോലെ സ്വീകാര്യമായ പരിഹാരമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്. ഇല്ലെങ്കില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി വിലപേശാന്‍ ഇരുവിഭാഗവും ശ്രമിക്കും.

Follow Us:
Download App:
  • android
  • ios