ബിനോയ്‍ക്കെതിരായ പീഡന കേസ്; വ്യക്തിപരം, അന്വേഷണം നടക്കട്ടെയെന്ന് കാനം

By Web TeamFirst Published Jun 20, 2019, 9:13 AM IST
Highlights

ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് വ്യക്തിപരമായ വിഷയമെന്ന് കാനം രാജേന്ദ്രൻ. രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ട കാര്യമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കാനം.

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വ്യക്തിപരമായ വിഷയമാണിതെന്നും രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെയും നിലപാട്. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നൽകിയേക്കും. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളാണ് യുവതി പരാതിയിൽ നൽകിയിരുന്നത്. 

Also Read: ചോദ്യം ചെയ്യലിന് ഹാജരാകണം; പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസ് നോട്ടീസ് നൽകും

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34-കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു. 

ബിനോയ് കോടിയേരിയുടെ വിശദീകരണം

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി  ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

click me!