കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളാണ് യുവതി പരാതിയിൽ നൽകിയിരുന്നത്

മുംബൈ/കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ് നൽകുക. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളാണ് യുവതി പരാതിയിൽ നൽകിയിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി, ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 

കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ് ഇപ്പോൾ. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും. 

അതേസമയം, വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാൽ മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍റെ പ്രതികരണം. 

''ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാർട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്‍റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോർണർ ചെയ്യുക എന്നതോ ഗുണമുള്ള കാര്യമല്ല'', പി ആർ ചേംബറിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ എ കെ ബാലൻ പറഞ്ഞു.

സമാനമായ പ്രതികരണമായിരുന്നു മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുടേതും. ''പാർട്ടിയിൽ ആരും ഇതിൽ ഇടപെടാൻ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവർ അനുഭവിക്കും എന്നതല്ലാതെ പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല'', മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു. 

അതേസമയം, കേസിന് പാർട്ടിയുമായുള്ള ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ നിലപാട് തള്ളി കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. ''ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകൾ, ആ പാർട്ടിക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ടെങ്കിൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതാണ്'', എന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിലെന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് ചെന്നിത്തല. ''കാര്യങ്ങളത്ര സുഗമമല്ല, അത് കണ്ടാലറിയാമല്ലോ'', എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.