'അങ്ങനെയൊരു പരാതിയുള്ളതായി അറിയില്ല'; കോട്ടയം ജില്ലാ കമ്മിറ്റിയെ തള്ളി കാനം

Published : Apr 02, 2023, 02:12 PM IST
'അങ്ങനെയൊരു പരാതിയുള്ളതായി അറിയില്ല'; കോട്ടയം ജില്ലാ കമ്മിറ്റിയെ തള്ളി കാനം

Synopsis

പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് സംഘാടകരിലൊരാളായിരുന്ന മന്ത്രി വിഎന്‍ വാസവനും വിശദീകരിച്ചു.

തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പിആര്‍ഡി പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സികെ ആശയെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റാണ്. പ്രചരിക്കുന്നത് തെറ്റായ വാദങ്ങളാണെന്നും വിഷയത്തില്‍ പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി. 

പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് സംഘാടകരിലൊരാളായിരുന്ന മന്ത്രി വിഎന്‍ വാസവനും വിശദീകരിച്ചു. ഒരു കുറ്റവും ഇല്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്നും സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരസ്യമായി രംഗത്തെത്തിയത്. പിആര്‍ഡി നല്‍കിയ പരസ്യത്തില്‍ സി കെ ആശ എംഎല്‍എയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നുമാണ് ബിനു അറിയിച്ചത്. പിആര്‍ഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതല്ല, തെറ്റ് ഉണ്ടെങ്കില്‍ തിരുത്തണമെന്നതാകണം നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പത്രപരസ്യത്തില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയ സംഭവത്തില്‍ പിആര്‍ഡിയെ വിമര്‍ശിച്ച് ആശയും രംഗത്തെത്തി. വീഴ്ച ഉണ്ടായത് പിആര്‍ഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണെന്നും പരിപാടിയില്‍ തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം