
കോട്ടയം: മുസ്ലീം ലീഗിനെക്കുറിച്ചുള്ള എ.വിജയരാഘവൻ്റെ വിവാദ പ്രസ്താവനയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത്തരത്തിൽ പ്രസ്താവന നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് എന്നത് ഒരു മതനിരപേക്ഷ മുന്നണിയാണ്. വർഗ്ഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യുഡിഎഫാണ്. യുഡിഎഫ് ഇപ്പോൾ ശബരിമല പ്രചരണ വിഷയമാക്കുന്നത് ജനങ്ങള കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീംലീഗ് വർഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ്റെ പ്രസ്താവനയെ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയിരുന്നു. വിജയരാഘവൻ്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് പാർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.
വിജയരാഘവൻ്റെ വിവാദ പ്രസ്താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ആക്ടിംഗ് സെക്രട്ടറിയെ തിരുത്താൻ സിപിഎം തീരുമാനിച്ചത്. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ നടത്തിയ കടന്നാക്രമണം താഴത്തട്ടിൽ നെഗറ്റീവായ ചർച്ചകൾക്ക് വഴിയൊരുക്കി എന്ന അഭിപ്രായം നേരത്തെ തന്നെ സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.
യുഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയത് എന്നിരിക്കെ അതിൽ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീഗ് വിരുദ്ധ പരാമർശത്തിലൂടെ വിജയരാഘവൻ്റെ മുസ്ലീം വിരുദ്ധതയാണ് വ്യക്തമാവുന്നതെന്നും യുഡിഎഫ് നേരത്തെ വിമർശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam