എല്‍ഡിഎഫ് വോട്ടുപിടിക്കുന്നത് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞ്: കാനം രാജേന്ദ്രന്‍

By Web TeamFirst Published Oct 18, 2019, 3:29 PM IST
Highlights

 എൻഎസ്എസ് ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഎസ്എസിന്‍റെ വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീണയെന്ന് കാനം രാജേന്ദ്രന്‍

കൊല്ലം: സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുപിടിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓരോ സമുദായ സംഘടനകള്‍ക്കും അവരുടേതായ നിലപാടുണ്ടാകും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസ് ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഎസ്എസിന്‍റെ വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍  ടിക്കാറാം മീണയാണ്.  രാഷ്ട്രീയ പാർട്ടികൾക്ക് അതിനവകാശമില്ല. വിമോചന സമരത്ത കമ്മ്യൂണിസ്റ്റു പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വട്ടിയൂർക്കാവില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സിപിഎം നല്‍കിയ പരാതിയുടെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാനാണ് ടിക്കാറാം മീണയുടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മതനിരപേക്ഷത പാലിക്കാന്‍ എല്ലാവര്‍ക്കും ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. സമുദായ സംഘടനകള്‍ക്കും അഭിപ്രായ സ്വാതന്ത്യമുണ്ട്. പക്ഷെ പരിധി കടന്നാല്‍ നടപടിയുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍  ഇക്കാര്യം വ്യക്തമാണ്. സ്വയം പരിശോധനക്ക് എല്ലാ സംഘടനകളും തയ്യാറാകണം.സമുദായ സംഘടനകളുടെ ഭരണഘടനയില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ അവര്‍ രാഷ്ട്രീയ കക്ഷിയാകുന്നതാണ് നല്ലതെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. 

സമുദായത്തിൻറെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു. വട്ടിയൂർക്കാവിൽ എൻഎസ്എസിന്‍റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. എൻഎസ്എസ് പരസ്യനിലപാടിൽ ആശങ്കയില്ലെന്ന് പുറത്തുപറയുമ്പോഴും അണിയറയിൽ നായർ വോട്ടുകളുറപ്പിക്കാൻ പദ്ധതികൾ പലതാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്. നേതാക്കൾക്ക് പിന്നാലെ സമുദായ അംഗങ്ങളായ പാർട്ടി പ്രവർത്തകരെ രംഗത്തിറക്കിയും സ്ക്വാഡ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുകയാണ്.

click me!