Asianet News MalayalamAsianet News Malayalam

CPM-CPI : ദേശീയ രാഷ്ട്രീയ ബദൽ, കോൺഗ്രസിനെ ചൊല്ലി സിപിഎം-സിപിഐ തർക്കം

ബിനോയ് വിശ്വം വിശദീകരിച്ചത് പാർട്ടി നിലപാടാണെന്നും കോൺഗ്രസ് ഇല്ലാതെ രാഷ്ട്രീയ ബദൽ സാധ്യമാകില്ലെന്നും സിപിഐ മുഖപത്രം ലേഖനമെഴുതിയതോടെ സിപിഎം നേതാക്കളും 'കോൺഗ്രസ് ബദൽ' ആശയം തള്ളി രംഗത്തെത്തി.

left wing cpm and cpi conflicts over congress national political alternative
Author
Delhi, First Published Jan 4, 2022, 11:02 AM IST

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് (BJP)രാഷ്ട്രീയ ബദലായി കോൺഗ്രസോ (Congress) എന്നതിനെ ചൊല്ലി ഇടതുപക്ഷത്ത് സിപിഎം (CPM)-സിപിഐ(CPI) പരസ്യപോര്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയതോടെ പോര് മുറുകി. ബിനോയ് വിശ്വം വിശദീകരിച്ചത് പാർട്ടി നിലപാടാണെന്നും കോൺഗ്രസ് ഇല്ലാതെ രാഷ്ട്രീയ ബദൽ സാധ്യമാകില്ലെന്നും സിപിഐ മുഖപത്രം ലേഖനമെഴുതിയതോടെ സിപിഎം നേതാക്കളും 'കോൺഗ്രസ് ബദൽ' ആശയം തള്ളി രംഗത്തെത്തി.

കോൺ​ഗ്രസ് തകർന്നാലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് കഴിയില്ല; ബിനോയ് വിശ്വം

കോൺഗ്രസ് ബദൽ എന്നതിൽ സിപിഐക്കെതിരെ രൂക്ഷവിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തുന്നത്. രാജ്യത്ത് ബിജെപിയെ തോൽപ്പിക്കുകയെന്നതാണ് പ്രധാനമെന്നും കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്നും പ്രാദേശിക കക്ഷികൾ ഇക്കാര്യത്തിൽ നിർണായകമാണെന്നും കോടിയേരി വിശദീകരിക്കുന്നു. കേരളത്തിൽ കോൺഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമാകില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് ഗുണകരമാകുകയേ ഉള്ളു എന്നും കോടിയേരി അഭിപ്രായപ്പെട്ടു.

 കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ അസാധ്യം; സിപിഐയെ വിമർശിച്ച് കോടിയേരി

കോൺഗ്രസിന് ബിജെപിക്ക് നയപരമായ ബദലാകാനാകില്ലെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിനും. കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള തർക്കം അനാവശ്യമാണെന്നും ഇടതുപക്ഷം ബിജെപിക്ക് ബദലാകണം എന്നാണ് സിപിഎം നിലപാടെന്നും  കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നു. രാജ്യത്ത് നിലവിൽ ഇടതുപക്ഷം ദുർബലമാണ്. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന്റെയല്ല പകരം ഇടതുപക്ഷത്തിൻറെ കരുത്താണ് കൂട്ടേണ്ടത്. എന്നാൽ അതേ സമയം, കോൺഗ്രസുമായി ചിലയിടങ്ങളിൽ ബിജെപിക്കെതിരെ ധാരണയുണ്ടാക്കാമെന്നാണ് പാർട്ടി നിലപാടെന്നും സിപിഎം വിശദീകരിക്കുന്നു. ബംഗാളിലെ കോൺഗ്രസ് ധാരണയടക്കം പരിഗണനക്ക് ഇരിക്കെയാണ് വിഷയത്തിൽ സിപിഎം നിലപാട് വിശദീകരിക്കുന്നത്. ബംഗാളിൽ അന്തിമ തീരുമാനം പാർട്ടി കോൺഗ്രസ് എടുക്കുമെന്നും സിപിഎം വിശദീകരിക്കുന്നു. സിപിഎമ്മിൽ സീതാറാം യെച്ചൂരി വിഭാഗം കോൺഗ്രസിനോട് മൃതു സമീപനമെന്ന നിലപാടെടുക്കുമ്പോൾ കേരളാ വിഭാഗമാണ് ഇതിനെ എതിർക്കുന്നത്. 

Follow Us:
Download App:
  • android
  • ios