വീല്‍ചെയറില്‍ കണ്ണന്‍റെ യാത്ര 17ാം ദിവസം; മൂകാംബികയിലെത്താന്‍ ഒരു ദിവസം ചക്രമുന്തുന്നത് 25 കിലോമീറ്റര്‍ വരെ

Published : Nov 02, 2025, 02:53 PM IST
kerala man wheelchair pilgrimage

Synopsis

അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മലപ്പുറം എടവണ്ണപ്പാറ സ്വദേശി കണ്ണൻ, കൈകൊണ്ട് കറക്കുന്ന വീൽചെയറിൽ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു. 17 ദിവസം പിന്നിട്ട ഈ യാത്രയിൽ ദിവസവും 25 കിലോമീറ്റർ വരെ അദ്ദേഹം സഞ്ചരിക്കുന്നുണ്ട്. 

കോഴിക്കോട്: കൈ കൊണ്ട് കറക്കുന്ന വീല്‍ചെയര്‍ ഉന്തി കണ്ണന്‍ 17ാം ദിവസവും യാത്ര തുടരുമ്പോള്‍ ദൂരം മനക്കരുത്തിന് വഴിമാറുകയാണ്. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ 49കാരൻ കണ്ണന്‍റെ, കര്‍ണ്ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് കണ്ടുനില്‍ക്കുന്നവരില്‍ ആശ്ചര്യമുണര്‍ത്തുന്നത്. അപകടത്തില്‍ പരിക്കേറ്റ് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. രണ്ടാമത്തെ കാലിലെ സ്വാധീനക്കുറവും ഈ മധ്യവയസ്‌കനിലെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല. യാത്ര 17ാം ദിവസം എത്തിനില്‍ക്കുമ്പോള്‍ കാസര്‍കോട് ടൗണില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ഇദ്ദേഹമിപ്പോള്‍ ഉള്ളത്.

ഒരേ കിടപ്പില്‍ ആറ് വര്‍ഷം, വീട് വച്ചുനൽകി സുമനസ്സുകൾ

കോണ്‍ക്രീറ്റ് ജോലിക്കിടെ 2013ലുണ്ടായ ഒരപകടത്തിലാണ് കണ്ണന്‍റെ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്. തുടര്‍ന്ന് ആറ് വര്‍ഷം ഒരേ കിടപ്പില്‍ തന്നെ കഴിയേണ്ടി വന്നു. ദരിദ്ര പശ്ചാത്തലത്തില്‍ കഴിഞ്ഞിരുന്ന, ഭാര്യയും മൂന്ന് പെണ്‍മക്കളും മകനും അടങ്ങിയ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സാഹചര്യം മനസ്സിലാക്കി വിളയില്‍ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷമീറയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കി. വീടെന്ന വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഇവരോടുള്ള നന്ദി സൂചകമായി ശബരിമലയിലേക്ക് വീല്‍ ചെയറില്‍ ആദ്യ യാത്ര പുറപ്പെടുകയായിരുന്നു. 22 ദിവസമെടുത്താണ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. പിന്നീട് രണ്ട് തവണകൂടി ശബരിമല സന്ദര്‍ശനം നടത്തി.

ചക്രം ഉന്തി കൈ വേദനിക്കുമ്പോള്‍ വിശ്രമം

ഒക്ടോബര്‍ 16ാം തീയതിയാണ് മലപ്പുറം ജില്ലയിലെ കാടാമ്പുഴ ക്ഷേത്രത്തില്‍ നിന്ന് മൂകാംബികയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഒരു ദിവസം ശരാശരി 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കണ്ണന്‍ പറയുന്നു. ചക്രം ഉന്തി കൈ വേദനിക്കുമ്പോള്‍ വൈകീട്ടോടെ യാത്ര അവസാനിപ്പിക്കും. അമ്പലങ്ങളിലോ വഴിയോരങ്ങളിലോ രാത്രി കഴിച്ചുകൂട്ടി, പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം രാവിലെ യാത്ര തുടരുന്നതാണ് രീതി. സഞ്ചാരത്തിനിടെ പരിചയപ്പെടാനെത്തുന്നവര്‍ ചിലപ്പോള്‍ ഭക്ഷണം വാങ്ങി നല്‍കും. ഒരു മാസം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണന്‍ പറഞ്ഞു. ഭാര്യയും മക്കളും ഫോണില്‍ നിരന്തരം സംസാരിച്ച് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർ തെല്ലും അയഞ്ഞില്ല, രാത്രി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കിയില്ല
പീച്ചി പൊലീസ് സ്റ്റേഷൻ മര്‍ദനം; തുടരന്വേഷണം നിലച്ചു, കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ഔസേപ്പ്