കാറിനുള്ളിൽ കെപിസിസി അധ്യക്ഷനും നേതാക്കളും, കണ്ണൂരെത്തിയപ്പോൾ പ്രവർത്തകർ മുഴക്കിയത് 'കണ്ണൂരിത്... കണ്ണൂര്... കെ സുധാകരന്‍റെ കണ്ണൂര്' മുദ്രാവാക്യം

Published : Jul 14, 2025, 07:25 PM ISTUpdated : Jul 14, 2025, 07:26 PM IST
KPCC

Synopsis

യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റുമാരായ എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെത്തിയപ്പോഴും പ്രവർത്തകർ സുധാകരന് മുദ്രാവാക്യം വിളിക്കുകയായിരുന്നു

കണ്ണൂർ: കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫടക്കമുള്ള നേതാക്കൾ കണ്ണൂരിൽ സമര സംഗമത്തിനെത്തിയപ്പോൾ മുൻ പ്രസിഡന്റ് കെ സുധാകരന് അഭിവാദ്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. 'കണ്ണൂരാണിത്, കണ്ണൂർ, കെ. സുധാകരന്റെ കണ്ണൂർ' എന്നു തുടങ്ങുന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പരിപാടി സ്ഥലത്ത് നിലയുറപ്പിച്ചത്. കെ സുധാകരനെ മാറ്റി, സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡന്‍റാക്കിയതിൽ കണ്ണൂരിലെ പ്രവർത്തകർക്ക് ഇപ്പോഴും അമർഷം ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുദ്രാവാക്യം വിളി.

സി പി എമ്മിന്‍റെ ചെങ്കോട്ടയിൽ കോൺഗ്രസിന്‍റെ കൊടിക്കൂറ ഉയർത്തിക്കെട്ടിയ കെ സുധാകരന് അഭിവാദ്യമെന്നും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റുമാരായ എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരെത്തിയപ്പോഴും പ്രവർത്തകർ സുധാകരന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കെ പി സി സി അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് വേണ്ടി ഒരു മുദ്രാവാക്യം വിളിയും ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. പ്രവർത്തകർ ഒന്നടങ്കം സുധാകരന് അഭിവാദ്യം വിളിക്കുകയായിരുന്നു. സുധാകരനാണെങ്കിൽ പരിപാടിസ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ചികിത്സ കഴിഞ്ഞ് ദില്ലിക്ക് പോയിരിക്കുകയാണ് അദ്ദേഹം. പുതിയ നേതൃത്വത്തിന് അഭിവാദ്യം നൽകാതെ പാർട്ടി നേതൃമാറ്റത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു പ്രവർത്തകർ. സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ശക്തമായി മുന്നേറുന്ന സാഹചര്യത്തിനിടയിലും അദ്ദേഹത്തെ മാറ്റിയതിനെതിരായ എതിർപ്പാണ് പ്രകടിപ്പിച്ചതെന്നാണ് പ്രവർത്തകർ പറയുന്നത്.

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ, സുധാകരന്റെ ചിത്രം ആദ്യം പോസ്റ്ററിൽ ഉൾപ്പെടുത്താതിരുന്നത് വലിയ വിവാദമായിരുന്നു. പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് പിന്നീട് സുധാകരന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കുകയായിരുന്നു. ഇതും പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

അതേസമയം കണ്ണൂരിലെ കെ പി സി സി സമര സംഗമം ഉദ്ഘാടനം ചെയ്ത കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് നിലമ്പൂരിലെ വിജയമടക്കം ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. നിലമ്പൂരിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെക്കാൾ നന്നായി പ്രവർത്തിച്ചത് ഡി സി സി അധ്യക്ഷൻ വി എസ് ജോയ് ആണെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ പാർട്ടിയുടെ വിജയത്തിന് വ്യക്തി താല്പര്യങ്ങൾ ഒഴിവാക്കിയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും കെ പി സി സി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ മുന്നണിയുടെയും നേട്ടത്തിനും വിജയത്തിനും വേണ്ടി എല്ലാവരും പ്രവർത്തിക്കണമെന്നും സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും