
കല്‍പ്പറ്റ: പനമരത്തിനടുത്ത പ്രദേശമായ നെയ്ക്കുപ്പയില്‍ ജനവാസമേഖലയില്‍ കാട്ടാനയെത്തി. ഇന്ന് തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രദേശത്തെ ഒരു തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ കണ്ടത്. ഇവരില്‍ ചിലര്‍ ആന സഞ്ചരിക്കുന്ന ദൃശ്യങ്ങൾ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന 'കുള്ളന്‍' എന്ന് നാട്ടുകാര്‍ പേരിട്ടിട്ടുള്ള ആനയാണിതെന്നാണ് നിഗമനം. രാത്രിയിലെത്തിയതെന്ന് കരുതുന്ന കുള്ളന്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. നെയ്ക്കുപ്പ നടവയല്‍ താഴത്തുവീട്ടില്‍ ബേബി മാത്യു വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെയും മുറ്റത്തുണ്ടായിരുന്ന പട്ടിക്കൂടും ആന ആക്രമിച്ചിട്ടുണ്ട്.
വെള്ളം സംഭരിക്കാന്‍ ഉപയോഗിക്കുന്ന വീപ്പയും തകര്‍ത്തിട്ടുണ്ട്. കക്കോടന്‍ ബ്ലോക്ക് ഭാഗത്ത് കണ്ടോത്ത് ജോയ്, വടക്കുംചേരി ജോസ് എന്നിവരുടെ വീട്ടിലെത്തിയും ആന നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ വാഴയും തെങ്ങും ഉള്‍പ്പെടെ മേഖലയില്‍ പുരയിടങ്ങളിലും തോട്ടങ്ങളിലുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. അതേ സമയം മേഖലയില്‍ പലയിടത്തും വൈദ്യുതി വേലി ശരിയായ വിധം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം. ചിലയിടങ്ങളില്‍ വേലി പൊട്ടിക്കിടക്കുന്ന സ്ഥലത്ത് കൂടിയാണ് ആനകളെ ജനവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത്. വൈദ്യുതി വേലി രാത്രിയോടെ ചാര്‍ജ്ജ് ചെയ്യാറുണ്ടെങ്കിലും ആനകള്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല എന്ന കാര്യം ഉറപ്പാക്കി ലൈന്‍ ചാര്‍ജ്ജ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുള്ളന് പുറമെ മറ്റൊരു വലിയ ആനയും നെയ്ക്കുപ്പയിലും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ ഇറങ്ങുന്നുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.