കണ്ണൂരിലെ പൊട്ടിത്തെറി; ടികെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം, പാർട്ടിയിൽ നിന്ന് പുറത്താക്കും

Published : Mar 17, 2026, 09:13 AM IST
tk govindan

Synopsis

ടികെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടർന്നായിരിക്കും തീരുമാനം.

കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ടികെ ഗോവിന്ദനെതിരെ നടപടിക്ക് സിപിഎം. ടികെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണ്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിക്കും. തുടർന്നായിരിക്കും തീരുമാനം. കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കിയാണ് മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം ഉപേക്ഷിച്ചത്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമാണ് വർഷങ്ങളായി മേഖലയിലെ പാർട്ടിയുടെ മുഖമായിരുന്ന നേതാവിന്റെ പുറത്തുപോക്കിൽ കലാശിച്ചത്.

ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

ശ്യാമളക്ക് വേണ്ടി എംവി ഗോവിന്ദന്‍റെ ആസൂത്രിത നീക്കം

തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് ഗോവിന്ദൻ പ്രധാനമായും ആഞ്ഞടിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ തന്നെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും സ്ഥാനാർത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിട്ടും അത് അവഗണിക്കുകയാണുണ്ടായത്. തന്റെ ഭാര്യ സ്ഥാനാർത്ഥിയാവണമെന്ന് നേതാവ് തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ തളിപ്പറമ്പിലെ പാർട്ടി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വീണ്ടും ചർച്ചയാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നത്. സാജന്റെ മരണത്തിന് ഉത്തരവാദി പി കെ ശ്യാമളയാണെന്ന പ്രചാരണം നാട്ടിൽ ശക്തമാണെന്നും അവരുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ മത്സരിച്ചേ പറ്റൂ, പിന്നോട്ടില്ലെന്ന് കെ സുധാകരൻ; ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന്
ഹോർമുസ് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് അനുവാദമില്ല, ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി, പ്രതിസന്ധി രൂക്ഷം