വാക്സീന് മുമ്പ് പരിശോധന; കണ്ണൂർ കളക്ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിൻ്റെ ലംഘനം

By Web TeamFirst Published Jul 26, 2021, 12:26 PM IST
Highlights

വാക്സീനേഷൻ ഡ്രൈവിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അടക്കം വിമർശനം. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന് കെജിഎംഒ നിലപാടെടുത്തിരുന്നു. 

 ദില്ലി: വാക്സീൻ എടുക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന വേണമെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന് വിരുദ്ധം. വാക്സീൻ മുമ്പ് കൊവിഡ് ടെസ്റ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 

വാക്സീനേഷൻ ഡ്രൈവിനെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അടക്കം വിമർശനം. മതിയായ സൗകര്യം ഒരുക്കാതെയുള്ള തീരുമാനം വിപരീത ഫലം ചെയ്യുമെന്ന് കെജിഎംഒ നിലപാടെടുത്തിരുന്നു. 

കടകൾ തുറക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധമാക്കിയതിനെതിരെ വ്യാപാരി വ്യവസായ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. 

ജില്ലയിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് വീണ്ടും പന്ത്രണ്ട് ശതമാനത്തിന് മുകളിൽ എത്തിയതോടെയാണ് കളക്ടർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഈ മാസം 28 മുതൽ വാക്സീൻ കിട്ടണമെങ്കിൽ ആദ്യം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നേടണം ഇതിനായി വാക്സീൻ എടുക്കാൻ എത്തുന്നവർക്ക് അതാത് കേന്ദ്രങ്ങളിൽ ആന്‍റിജൻ പരിശോധന സംവിധാനം ഒരുക്കുമെന്നുമായിരുന്നു കളക്ടറുടെ അറിയിപ്പ്. 

നിലവിലുള്ള സംവിധാനങ്ങൾ വെച്ച് ഇത് നടപ്പാക്കൽ പ്രായോഗികം അല്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കൊവിഡ് പ്രതിരോധ പ്രവർത്തകരുടെ ഇരട്ടിയെങ്കിലും ഉണ്ടെങ്കിലെ വാക്സീൻ കേന്ദ്രങ്ങളിലും ഉത്തരവ് നടപ്പിലാക്കാൻ കഴിയൂ എന്ന് കെജിഎംഒഎയും അറിയിച്ചു കഴിഞ്ഞു. 

click me!