ഷുഹൈബ് വധക്കേസ്: മാതാപിതാക്കൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

By Web TeamFirst Published Oct 20, 2019, 9:33 AM IST
Highlights
  • കേസന്വേഷണം സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു
  • ദില്ലിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ അനുകൂല വിധി നേടിയത്

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മാതാപിതാക്കളുടെ ഹർജി.

ക്രിമിനൽ കേസുകളിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ വാദം കേട്ട് വിധി പറയാൻ ഡിവിഷൻ ബഞ്ചിന് അധികാരമില്ലെന്ന് കുടുംബം സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഷുഹൈബിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്നും ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും പറഞ്ഞാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കുകയും ചെയ്തു. ദില്ലിയില്‍ നിന്ന് 56 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകരെ കൊണ്ടുവന്നാണ് സംസ്ഥാന സർക്കാർ കേസ് വാദിച്ചത്.

അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ ഉള്‍പ്പെടെ 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ദില്ലിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്ന് കേസ് വാദിച്ചത്. ഇത് കേസില്‍ സിപിഎമ്മിനുള്ള പ്രത്യേക താത്പര്യം വ്യക്തമാക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

click me!