
കണ്ണൂര്‍ : കണ്ണൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് സ്ഥിരീകരണം. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.
കൊൽക്കത്തിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഇയാൾ മൂന്ന് ദിവസം മുമ്പാണ് തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ ഇയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
സ്ഥിരമായി ബീഡി വലിക്കുന്ന പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. പ്രതി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam