കണ്ണൂരില്‍ ക്വാറന്റീൻ കാലാവധി കഴിഞ്ഞ രണ്ട് പേർക്ക് കൊവിഡ്; രോ​ഗം സ്ഥിരീകരിച്ചത് 40 ഉം 37 ഉം ദിവസങ്ങൾക്ക് ശേഷം

By Web TeamFirst Published Apr 28, 2020, 11:26 PM IST
Highlights

ദുബായിൽ നിന്നെത്തിയ മൂരിയാട് സ്വദേശിക്കാണ് 40 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്. മാർച്ച് 17 നാണ് 21 കാരൻ കരിപ്പൂരിൽ വിമാനം  ഇറങ്ങിയത്. 

കണ്ണൂർ: ക്വാറന്റീൻ കാലാവധി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ട ശേഷമാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ട് പേർക്ക് കൊവിഡ് ഉറപ്പിച്ചത്. ദുബായിൽ നിന്നെത്തി നാൽപത് ദിവസം പിന്നിട്ടയാൾക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ സമ്പർക്കത്തിലൂടെ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയവരുടെ കൂടുതൽ പരിശോധന തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ദുബായിൽ നിന്നെത്തിയ മൂരിയാട് സ്വദേശിക്കാണ് 40 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചത്. മാർച്ച് 17 നാണ് 21 കാരൻ കരിപ്പൂരിൽ വിമാനം  ഇറങ്ങിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ സമയം യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് ഇയാൾക്ക് രോഗം സ്ഥിരീകിരിച്ചത്. ഇയാളെ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാർച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 

മാർച്ച് 17 ന് മുമ്പ് വിദേശത്ത് നിന്നെത്തിയ 650 പേരെ പരിശോധിച്ചതിൽ 53 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 ശേഷംനാട്ടിൽ വന്നവരിൽ പരിശോധിച്ച 733 പേരിൽ 34 ആളുകൾക്കാണ് കൊവിഡ് ബാധയുണ്ടായത്. ജില്ലയിൽ ആരോഗ്യപ്രവർത്തകർ പൊലീസുകാർ ഉൾപ്പെടെ പലമേഖലകളിൽ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി നടത്തിയതിൽ ടെസ്റ്റുകളിൽ ഇതുവരെ ഫലം വന്നതെല്ലാം നെഗറ്റീവാണ്. 159 പേരുടെ പരിശോധന ഫലം വരാനുണ്ട്.

click me!