
കണ്ണൂർ: വാണിയപ്പാറ പളളി കല്ലറയിലെ ദുരൂഹ മൃതദേഹം സിജോ സ്കറിയയുടേത് ആകാൻ സാധ്യതയില്ലെന്ന് ഭാര്യ നിഖില ജോസഫ്. കുറ്റ്യാടി പോലീസ് അന്വേഷിച്ചെങ്കിലും സിജോയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഏറ്റവുമൊടുവിൽ തന്റെ അച്ഛൻ അന്വേഷിച്ചു ചെന്നപ്പോൾ വിലങ്ങാടുളള വീട്ടിൽ കിടന്നുറങ്ങുന്നത് കണ്ടെന്നും പിന്നീട് കണ്ടിട്ടില്ലെന്നും നിഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ പോലീസ് ഇന്ന് തുറന്ന് പരിശോധിക്കും. കല്ലറയിൽ രജിസ്റ്ററിലുളളതിനേക്കാൾ ഒരു മൃതദേഹം അധികമുണ്ടെന്ന പളളി വികാരിയുടെ പരാതിയിലാണ് അന്വേഷണം. പത്തുമണിയോടെ ഫോറൻസിക് സംഘം കല്ലറയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇന്നലെ ആർഡിഒ കല്ലറ തുറക്കാൻ അനുമതി നൽകിയിരുന്നു.
ഈ മാസം 13ആം തീയ്യതി, ശനിയാഴ്ചയാണ് കണ്ണൂർ അയ്യൻകുന്ന് വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ 38ആം നമ്പർ കല്ലറ സംസ്കാരത്തിനായി തുറക്കുന്നത്. കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കാണുന്നത്. ഇത് രേഖകളില്ലാത്ത മൃതദേഹമാണെന്നും മാത്രമല്ല പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതുമാണ് സംശയങ്ങൾക്ക് വഴി വച്ചത്. അസ്വാഭാവികത ഉയർന്നതിനെ തുടർന്ന്
പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. 2019ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും മുൻപ് നിയമപരമായി സംസ്കരിച്ച രണ്ട് മൃതദേഹങ്ങൾ തന്നെയാകാം ഇതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്തായാലും സംശയങ്ങൾ ദൂരീകരിക്കാൻ ഇന്ന് കല്ലറ തുറന്ന് പരിശോധന നടക്കാൻ പോവുകയാണ്. ഡി.എൻ.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇതിൽ വ്യക്തത വരൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam