
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബി ജെ പി കൗൺസിലർ ആർ സുഗതന്റെ രാജിക്ക് വേണ്ടി തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ വിയൂരിൽ നിന്ന് സുഗതനെ തലസ്ഥാനത്ത് എത്തിച്ചു. സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ വിയ്യൂർ ജയിലിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ താമസിപ്പിക്കുന്ന സുഗതനെ നാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. സുഗതനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിന് ശേഷമാകും സുഗതനെ തിരികെ വിയ്യൂരിൽ എത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കാപ്പ കേസിൽ ജയിലിലായ കൗൺസിലർ സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ ഇന്നലെ യു ഡി എഫ് - ബി ജെ പി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായിരുന്നു. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ സുഗതനെ രക്ഷിക്കാൻ ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യു ഡി എഫ് പരാതി. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യു ഡി എഫ് ശ്രമമെന്ന് മേയർ ആരോപിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അടിപൊട്ടിയത്. സുഗതന്‍റെ രാജിക്കായുള്ള യു ഡി എഫ് - എൽ ഡി എഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകൾ പാസായെന്ന് മേയർ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഇടത് കൗണ്‍സിലർമാർ കൗണ്‍സിൽ ഹാള്‍ വിട്ടുവെങ്കിലും മുദ്രാവാക്യം വിളിയുമായി ബി ജെ പി - യു ഡി എഫ് കൗണ്‍സിലർമാർ അവിടെ തുടർന്നു. ഇതിനിടെ കൈയ്യിൽ കിട്ടിയ ഹാജർ ബുക്ക് ശബരിനാഥ് കൈവശം വെച്ചു. ശബരിയും യു ഡി എഫ് അംഗങ്ങളും ഒപ്പിടുന്നതിനിടെ ചെമ്പഴന്തി ഉദയനെത്തി. ശബരിയും ഉദയനും നേർക്കുനേർ പോരാടി. ശബരിയെ ഉദയൻ അടിച്ചെന്ന് യു ഡി എഫ് ആരോപിക്കുന്നു. ഉദയൻ്റെ ഷർട്ട് ശബരി കീറിയെന്ന് ബി ജെ പിയും ആരോപിച്ചു. മറ്റാർക്കും നൽകാതെ ശബരിനാഥൻ രജിസ്റ്റർ കൈവശം വച്ചതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് വാർത്താസമ്മേളനം വിളിച്ച് മേയർ വിശദീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam