തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബിഷപ്പ് ധർമരാജ് റസാലത്തെ ഒഴിവാക്കിയാണ് കുറ്റപത്രം. ഡയറക്ടർ ബോർഡ് അംഗം ഡോ. ബെന്നറ്റ് എബ്രഹാം ഉൾപ്പെടെ 8 പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്. കോളേജ് ഡയറക്ടറും ജീവനക്കാരും തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മെഡിക്കൽ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നായിരുന്നു പരാതി.
തട്ടിപ്പിൽ ബിഷപ്പിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമവും നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. നേരത്തേ അഴിമതി നിരോധനനിയമം ചുമത്തിയാണ് സംഭവത്തിൽ കേസെടുത്തിരുന്നത്.
അതേസമയം, കാരക്കോണം മെഡിക്കൽ കോളേജിലെ ചെക്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്താനായി കോളേജിന്‍റെ ചെക്ക് ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് വമ്പൻ സ്രാവുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം രൂക്ഷവിമർശനമുന്നയിച്ചിരുന്നതാണ്, മുഖ്യപ്രതികളായ സിഎസ്ഐ സഭാ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തിനും കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രാഹാമിനുമെതിരെ അന്വേഷണം ഇല്ലാത്തത് ആശങ്കപ്പെടുത്തുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് തന്നെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 കുട്ടികളിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. സംഭവത്തിൽ ആദ്യം ലോക്കൽ പോലീസ് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തെങ്കിലും പിന്നീട് ഹൈക്കോടതിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ കൂടി ചേർത്താണ് പ്രതികൾക്കെതിരെ അന്വേഷണം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam