
തിരുനന്തപുരം: ദുരൂഹമരണങ്ങള്‍ ഉണ്ടായ കരമന ഉമാമന്ദിരത്തിൽ പൊലീസും ഫൊറൻസിക് വിദഗ്ദരും പരിശോധന നടത്തി. ജയമാധവൻ നായർ വീണു കിടന്ന മുറിയും പരിസരവുമാണ് പരിശോധിച്ചത്. ഇവിടെനിന്നും രക്തക്കറയുടെ സാമ്പിളുകൾ പൊലീസ് ശേഖരിച്ചു. തെളിവുകളൊന്നും നഷ്ടമായിട്ടില്ലെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു.
ഉമാമന്ദിരത്തിലെ ദുരഹമരണങ്ങളും ഭൂമി തട്ടിപ്പുമാണ് പൊലീസ് അന്വേഷിക്കുന്നത്. 2017ൽ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ ഈ വീട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായരെ കണ്ടുവെന്നാണ് കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നും മൊഴിയിലുണ്ട്. എന്നാൽ തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെയാണ് സ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്.
കിടപ്പുമുറിയിലെ രണ്ട് കട്ടിലുകള്‍ക്കിടയിൽ ജയമാധവൻ നായർ കമിഴ്ന്നു കിടന്ന സ്ഥലം രവീന്ദ്രൻ നായർ പൊലീസിന് കാണിച്ചു കൊടുത്തു. താൻ വന്നപ്പോള്‍ കട്ടിലിലാണ് ജയമാധവൻ കിടന്നതെന്നാണ് ലീലയുടെ മൊഴി. സ്ഥലത്തു നിന്നും രക്തക്കറയുടെ സാമ്പിൾ ശേഖരിച്ചു.ഒരു പ്രതിമയിലും രക്തക്കറയുണ്ടായിരുന്നു. ജയമാധവൻ നായരുടെ വൈദ്യപരിശോധന റിപ്പോർട്ടുകള്‍ പൊലീസ് ശേഖരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി റവന്യൂരേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam