
തിരുവനന്തപുരം: കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം അവസാനിപ്പിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ അവസാനിപ്പിച്ചത്. മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സാധ്യമാവുന്ന സഹായം നൽകുമെന്ന് എസ്ബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ വായ്പയുടെ കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവരുമായി ബന്ധപ്പെട്ടിട്ടേയില്ലെന്നും എസ്ബിഐ അവകാശപ്പെടുന്നു
കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജപ്തിക്കായി ഉദ്യോഗസ്ഥർ എത്തിയെന്നാണ് ദമ്പതികളുടെ ബന്ധുക്കൾ ആരോപിച്ചത്.
എന്നാൽ 2013ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നതിനെ തുടർന്ന് 2025 മാർച്ച് മൂന്നിനാണ് ബാങ്ക് അധികൃതർ അവസാനമായി ഇവരുമായി ബന്ധപ്പെട്ടതെന്നും അതിന് ശേഷം ബാങ്കിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും എസ്ബിഐ അറിയിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എസ്ബിഐ അസിസ്റ്റന്റ് ജനറൽ മാനേജർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ദമ്പതികളുടെ മരണ വിവരമറിഞ്ഞ് സംഘടിച്ചെത്തിയ ബന്ധുക്കളും നാട്ടുകാരും സമുദായംഗങ്ങളും ഇന്ന് രാവിലെ മുതൽ ബാങ്കിന് മുന്നിൽ സമരം ചെയ്യുകയായിരുന്നു. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ ബാങ്കിന് മുന്നിലെത്തിച്ച് സമരം തുടർന്നു. കനത്ത മഴയിൽ ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് മൃതദേഹവുമായി പ്രതിഷേധം തുടർന്നത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഉദ്യോഗസ്ഥരും സമുദായ നേതാക്കളും തമ്മിൽ ചർച്ച നടന്നത്. പിന്നീട് സമരം അവസാനിപ്പിച്ച് മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയി.