
കോഴിക്കോട്: കരിപ്പൂരിൽ വൻ എം.ഡി.എം.എ വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പത്തനംതിട്ട സ്വദേശി സൂര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന സംഘത്തെ കുറിച്ചടക്കം വിവരം ലഭിച്ചിരിക്കുന്നത്. ഒരു കിലോഗ്രാം എം.ഡി.എം.എയുമായാണ് പത്തനംതിട്ട സ്വദേശി സൂര്യയെ പൊലീസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ജോലി തേടി സൂര്യ ഒമാനിൽ പോയത്. കണ്ണൂർ സ്വദേശിയായ പരിചയക്കാരൻ നൗഫലായിരുന്നു ഒമാനിലുണ്ടായിരുന്ന ബന്ധം. നാലാം നാൾ സൂര്യ നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് നൗഫൽ കയ്യിലൊരു ബാഗ് കൊടുത്തുവിട്ടു. കരിപ്പൂരിൽ നിന്ന് അത് സ്വീകരിക്കാൻ ആളെത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, കാത്തിരുന്നവരിൽ പൊലീസും ഉണ്ടാകുമെന്ന് സൂര്യക്ക് മനസ്സിലായില്ല.
പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷഫീഖ് എന്നിവരാണ് വിമാനത്താവളത്തിന് പുറത്ത് രണ്ട് കാറുകളിലായി സൂര്യയെ കാത്ത് നിന്നത്. സൂര്യയുടെ കൈയ്യിൽ നിന്നും എംഡിഎംഎ വാങ്ങുക, സൂര്യയെ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരുടെ വാഹനം കണ്ട് കരിപ്പൂർ പൊലീസിന് തോന്നിയ സംശയമാണ് നിർണായക അറസ്റ്റിലേക്ക് എത്തിച്ചത്.
മിഠായി കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സൂര്യയുടെ ബാഗിനകത്തായിരുന്ന ഈ ലഹരിമരുന്ന് വിമാനത്താവളത്തിലെ പരിശോധനയെ വിജയകരമായി മറികടന്നു. എന്നാൽ പുറത്ത് കാത്തുനിന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസിന് സംശയങ്ങൾ ബലപ്പെട്ടത് സൂര്യ എത്തിയപ്പോഴാണ്. അധികം വൈകാതെ നാല് പേരും അറസ്റ്റിലായി.
കരിപ്പൂരിലെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ ഏറെ നേരം പ്രതികളെ ചോദ്യം ചെയ്തു. അന്തർദേശീയ ലഹരി കടത്ത് സംഘത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക അറസ്റ്റാണ് സൂര്യയിലൂടെ ഇന്ന് കരിപ്പൂർ പൊലീസ് നടത്തിയത്. മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത് ആര്‍ക്കുവേണ്ടി, എവിടെ കൈമാറാനായിരുന്നു നിര്‍ദേശം തുടങ്ങിയ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. നാലു പേരെയും ചോദ്യം ചെയ്യുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam