
ബെംഗളുരു: ഓണക്കാലം അടുക്കുന്തോറും നാട്ടിലെത്താനുള്ള മലയാളികളുടെ ആഗ്രഹത്തിനൊപ്പം തന്നെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും വർധിക്കുന്ന കാഴ്ചയാണ് എങ്ങു. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് യാത്രയുടെ ടിക്കറ്റ് വില കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ചുപോകും. സെപ്ഷ്യൽ ട്രെയിനെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം സ്വീകരിച്ചുവരുന്നതേയുള്ളു. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ അനുവദിക്കാമെന്ന് റെയിൽവെ അറിയിച്ചെങ്കിലും മറ്റ് നഗരങ്ങളിലെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതിനിടയിലാണ് ബെംഗളുരുവിൽ നിന്ന് കേരളത്തിന് മറ്റൊരു ആശ്വാസ വാർത്ത എത്തുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിലാണ് ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് ആശ്വാസ വാർത്ത എത്തുന്നത്.
കർണാടക ആർ ടി സി ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എ സി ബസുകൾ അനുവദിച്ചതായാണ് അറിയിച്ചത്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനായുള്ള കെ സി വേണുഗോപാൽ എം പിയുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സർക്കാർ തീരുമാനം. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും. ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാം.
വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നത്. ഓണക്കാലമായതിനാൽട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നുള്ള സ്പെഷ്യൽ ബസ്സ് സർവ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.
അതേസമയം ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കവും ഇന്നുണ്ടായി. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് ഇന്ത്യൻ റെയിൽവേ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. പൽവേൽ - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22 ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam