കരുണ സംഗീത നിശ: സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം, സന്ദീപ് വാര്യർ കളക്ടർക്ക് പരാതി നൽകി

By Web TeamFirst Published Feb 17, 2020, 10:59 AM IST
Highlights

വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ നല്കിയതായി ഫൗണ്ടേഷന്‍ ഫേസ് ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചെങ്കിലും കരുണ സംഗീതനിശ സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തിൽ യുവമോർച്ചാ നേതാവ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് പരാതി നൽകി. ഈ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് കൈമാറി. കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപിച്ചിരിക്കുന്നത്.

സംഗീത മേള നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ നല്കിയതായി ഫൗണ്ടേഷന്‍ ഫേസ് ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചെങ്കിലും കരുണ സംഗീതനിശ സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. 

സംഗീത മേള സംബന്ധിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പുറത്ത് വിട്ട കണക്കുകൾ വിശ്വസനീയമല്ലെന്ന് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ പറഞ്ഞിരുന്നു. പരിപാടിയുടെ മുഖ്യ പ്രചാരകരിലൊരാളായ നടൻ മമ്മൂട്ടി, ക്രമക്കേടിൽ മറുപടി നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മേളയുടെ ആദ്യ ടിക്കറ്റ് വാങ്ങിയത് മമ്മൂട്ടി ആയിരുന്നു.

പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില‍് നടന്ന ഷോ പ്രതീക്ഷിച്ചതിലും വലിയ വിജയം ആണെന്നായിരുന്നു നവംബര്‍ നാലിന് ഫൗണ്ടേഷന്‍ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്. 500 മുതല്‍ 2000 രൂപ വരെയായിരുന്നു ടിക്കറ്റ്  നിരക്ക്. അങ്ങിനെയെങ്കില്‍  ടിക്കറ്റ് വില്‍പ്പനയിലൂടെ ആറര ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന വാദം വിശ്വസിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

കരുണ സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് സംഗീത സംവിധായകൻ ബിജിബാൽ ഇന്ന് വ്യക്തമാക്കിയിരുന്നു. സത്യസന്ധമായാണ് എല്ലാം ചെയ്തത്. നിയമപരമായി ആവശ്യപ്പെട്ടാൽ കണക്കുകൾ പുറത്തുവിടാമെന്ന് ബിജിബാൽ പറഞ്ഞു. പരിപാടിക്ക് ചെലവായ പണം കൊടുത്ത് തീർത്ത ശേഷം ഭാരവാഹികളുടെ കയ്യിൽ നിന്നും പണം എടുത്ത് ദുരിതാശ്വാസ ഫണ്ടിൽ അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. രക്ഷാധികാരി എന്ന് നിലയിൽ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാൽ കൂട്ടിച്ചേര്‍ത്തു. 

click me!