
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക സ്വദേശിയായ രമേശ് മരിച്ചത് തലയ്ക്കും നെഞ്ചിനും ഏറ്റ ആഴത്തിലുള്ള മുറിവുകളാണെന്നാണ് കണ്ടെത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. കർണാടക ലിംഗനായിക്കനഹള്ളി സ്വദേശി രമേശിനെ ഇന്നലെ രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൊസങ്കടിയിൽ തൊഴിലാളികൾ താമസിക്കുന്ന പഴയ ഇരുനില വീടിന്റെ അടുക്കളയിലായിരുന്നു മൃതദേഹം. നരസിംഹമൂർത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പത്ത് തൊഴിലാളികളാണ് താമസിച്ചിരുന്നത്. കൂടെ താമസിക്കുന്നവർ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. നെഞ്ചിൽ ആഴത്തിലുള്ള മുറിവും ഇൻക്വസ്റ്റിൽ കണ്ടെത്തി. പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളുമുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന ആട്ടുകല്ലിൽ രക്തക്കറ കണ്ടെത്തിയതിനാൽ ഇതിൽ തലയിടിപ്പിച്ചതായാണ് സംശയിക്കുന്നത്. സംഭവത്തിനുശേഷം ഒരാളെ കാണാതായിട്ടുണ്ട്. ഇയാളായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. കർണാടക സ്വദേശിയായ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മഞ്ചേശ്വരം പൊലീസ്. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പ്രാഥമിക വിവരം. രമേശ് സ്ഥിരമായി ഒരു സ്ഥലത്ത് താമസിച്ചിരുന്നില്ലെന്നും വിവിധയിടങ്ങളിൽ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് വിവരം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam