
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ കോളേജുകളിലും ക്രമക്കേട് നടന്നോ എന്ന് കേരള സർവകലാശാല പരിശോധിക്കും. തെരഞ്ഞെടുപ്പിന്‍റെ മുഴുവൻ വിശദാംശങ്ങളും സമർപ്പിക്കാൻ വിവിധ കോളേജ് പ്രിൻസിപ്പൽമാർക്ക് വിസി നിർദ്ദേശം നൽകും. അതേസമയം, കാട്ടാക്കടയിൽ ഗുരുതര ക്രമക്കേട് നടന്നിട്ടും പൊലീസ് ആൾമാറാട്ടത്തിന് കേസെടുത്തില്ല.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച യുയുസി അനഘയെ മാറ്റി മത്സരിക്കാത്ത കാട്ടാക്കട എസ്എഫ്ഐ ഏരിയാ സെക്രട്ടറിയുടെ പേര് സർവകലാശാലക്ക് കൈമാറിയാണ് ഗുരുതര ക്രമക്കേട് നടന്നത്. വീഴ്ചയുണ്ടായെന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ നേരിട്ടെത്തി സർവകലാശാലയോട് സമ്മതിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമായി മാത്രം കേരള സർവകലാശാല കാണുന്നില്ല. എസ്എഫ്ഐ അടക്കം വിവിധ സംഘടനകൾക്ക് ആധിപത്യമുള്ള മറ്റ് ക്യാമ്പസുകളിലും സമാനരീതിയിൽ തിരുകിക്കയറ്റലും ആൾമാറാട്ടവും നടന്നോ എന്നാണ് പരിശോധിക്കുന്നത്. സർവകലാശാലക്ക് കീഴിലെ മുഴുവൻ കോളേജ് പ്രിൻസിപ്പൽമാരോടും തെരഞ്ഞെടുപ്പ് നടന്നതിന്‍റെ മുഴുവൻ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുമെന്ന് വിസി ഡോ. മോഹൻ കുന്നുമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നോമിനേഷൻ പ്രകിയ മുതലുള്ള രേഖകളാണ് ആവശ്യപ്പെടുക. കാട്ടാക്കട കോളേജിലെ ക്രമക്കേടിൽ പ്രിൻസിപ്പിൽ ഡിജെ ഷൈജുവിനോട് കൂടുതൽ വിശദാംശങ്ങൾ സർവകലാശാല തേടിയിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന സിണ്ടിക്കേറ്റ് യോഗം പ്രശ്നം ചർച്ച ചെയ്യും.
തെരഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജിവെച്ചതാണെങ്കിൽ രാജിക്കത്ത് അടക്കം ഹാജരാക്കാാണ് നിർദ്ദേശം. അനഘ രാജിവെച്ചെങ്കെലും പകരം എരിയ സെക്രട്ടറി എ വിശാഖിന്‍റെ പേര് തിരുകിക്കയറ്റിയതിൽ കൃത്യമായ ഒരു വിശദീകരണവും ഇതുവരെ പ്രിൻസിപ്പൽ നൽകിയിട്ടില്ല. അനഘ, വിശാഖ്, അടക്കം ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിപിഎം ബന്ധമുള്ള ഇവരോടെല്ലാം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദ്ദേശമാണ് പാർട്ടി നൽകിയതെന്നാണ് വിവരം. ആൾമാറാട്ടത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‍യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പക്ഷെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സർവകലാശാലക്കും പൊലീസ് അന്വേഷണം ആവശ്യപ്പെടാമെന്നിരിക്കെ അതും ഉണ്ടായിട്ടില്ല. പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തും പാർട്ടി അന്വേഷണം നടത്തിയും പ്രശ്നം ഒതുക്കാനാണ് നീക്കം.