
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം. മോഷണം നടന്നു എന്നത് വാസ്തവമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അശ്വതി തിരുനാൾ ഗൗരി പാർവതി ഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്നും ആർക്കൊക്കെ മുറികളിൽ കയറാമെന്ന് അറിയിച്ചു, തെളിവില്ലാതെ ആരെയും സംശയിക്കാനാവില്ല. വിശ്വസിച്ച് കൂടെ നിൽക്കുന്നവർ വഞ്ചിച്ചാലാണ് വിഷമം. നേരത്തെയും കൊട്ടാരത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് എന്നും ഗൗരി പാർവതി ഭായ് പറഞ്ഞു. രണ്ട് കോടിയിലധികം വിലവരുന്ന ആഭരണങ്ങളുൾപ്പെടെയാണ് മോഷണം പോയത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ല. കൊട്ടാരവുമായി അടുപ്പമുള്ളവരെ ചോദ്യം ചെയ്തതിനു പിന്നാലെ അന്വേഷണം നിലച്ച അവസ്ഥയിലാണ്.
പരാതിയില്ലാതെ രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുത്തിരുന്നത്. തെളിവുകളെല്ലാം നശിച്ച ശേഷമാണ് അന്വേഷണം തുടങ്ങിയത്. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഇടപാടുകളിൽ പൊലീസിന് സംശയമുണ്ടായിരുന്നു. അതിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെ പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞ അവസ്ഥയുമാണ്ടായിരുന്നു.
കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിന്‍റെ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. സ്വർണം കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. കൊട്ടാര അംഗ തന്നെ പൊലീസിനെതിരെ പരാതി ഉന്നയിച്ചതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam