കവളപ്പാറ: 53 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ സര്‍ക്കാര്‍ തീരുമാനം

By Web TeamFirst Published Jun 15, 2020, 6:10 PM IST
Highlights

ദുരിതബാധിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. 

തിരുവനന്തപുരം: 2019-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചു. കുടുംബങ്ങളുടെ പുനരധിവാസം ഉടന്‍ യാഥാര്‍ഥ്യമാകും. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. മന്ത്രി കെ ടി ജലിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത്‌ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം.

പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 59 പേരുടെയും മൃതദേഹം കവളപ്പാറയിലെ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്.

click me!