
കായംകുളം നഗരസഭയും ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ചേർന്നതാണ് കായംകുളം നഗരസഭ മണ്ഡലം. 1957 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിന് ഡെപ്യൂട്ടി സ്പീക്കറെ സംഭാവന ചെയ്ത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയ മണ്ഡലമാണ് കായംകുളം. മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധിയായിരുന്ന കെഒ ആയിഷ ബായ് ആദ്യ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായാണ് ചരിത്രത്തിലിടം പിടിച്ചത്.
ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും യുഡിഎഫിനെയും പലപ്പോഴും കായംകുളം സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസിനായി ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത് തച്ചടി പ്രഭാകരനായിരുന്നു.1996-ൽ ജി. സുധാകരൻ തച്ചടിയെ പരാജയപ്പെടുത്തിയെങ്കിലും, 2001-ൽ എംഎം ഹസ്സനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2001-ന് ശേഷം കോൺഗ്രസിന് ഇവിടെ വിജയിക്കാനായിട്ടില്ല. 2006, 2011 വർഷങ്ങളിൽ സി.കെ. സദാശിവനും 2016, 2021 വർഷങ്ങളിൽ യു. പ്രതിഭയും മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വോട്ടിംഗ് ശതമാനം 79.5% രേഖപ്പെടുത്തിയത് വോട്ടർമാരുടെ രാഷ്ട്രീയ ജാഗ്രതയെ ശരിവെക്കുന്നു. 2016-ൽ 11,857 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന യു പ്രതിഭയ്ക്ക് 2021-ൽ അത് 6,298 ആയി കുറഞ്ഞത് മണ്ഡലത്തിലെ പോരാട്ടവീര്യം വ്യക്തമാക്കുന്നുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം
കഴിഞ്ഞ 10 വർഷക്കാലം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വോട്ടർമാരോടുള്ള സൗഹൃദവും വികസനത്തുടർച്ചയും തനിക്ക് അനുകൂലഘടകമാകുമെന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പ്രതിഭയുടെ പ്രതീക്ഷ. എന്നാൽ, സർക്കാരിനെതിരായ ജനരോഷവും ദേശീയപാത നിർമ്മാണത്തിലുൾപ്പെടെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കെതിരായ നിലപാടും തദ്ദേശതിരഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. യുഡിഎഫും എൽഡിഎഫും മണ്ഡലത്തോട് ഇത്രയും കാലം കാട്ടിയ അവഗണനയും വികസന മുരടിപ്പും പറഞ്ഞാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.
സിപിഎമ്മിനുവേണ്ടി യു പ്രതിഭ തന്നെയാണ് ഇപ്രാവശ്യവും മത്സരത്തിനിറങ്ങുന്നത്. യുഡിഎഫിനുവേണ്ടി എം ലിജുവാണ് മത്സരത്തിനിറങ്ങുന്നത്. തമ്പി മേട്ടുത്തറയാണ് ബിഡിജെഎസിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. കായംകുളം ഒരിക്കലും ശീലങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്ന മണ്ഡലമല്ലെന്നാണ് മുൻ കാലങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തിലാകെ ഇപ്പോൾ ഉയർന്നുവരുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ടിനെ ഇത് സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. മുസ്ലീം ലീഗ് നേതാവ് ഇർഷാദാണ് വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ എൽഡിഎഫ് നേതാക്കൾക്കൊപ്പം പത്രസമ്മേളനം നടത്തിയ യു പ്രതിഭ പൊട്ടി കരഞ്ഞ സംഭവവും മണ്ഡലത്തിൽ ചർച്ചായായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam