
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന സിറ്റിംഗ് എംഎൽഎമാർ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളിൽ കുറ്റപത്രം ഉള്ളപ്പോൾ, കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റും എൽദോസ് കുന്നപ്പള്ളിയും ബലാൽസംഗ കേസുകളിൽ വിചാരണ നേരിടുകയാണ്.
കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റിനെതിരെ ബലാൽസംഗ കേസിൽ കുറ്റപത്രം കോടതിയിലുണ്ട്. അയൽവാസിയായ 51 കാരി വിൻസെന്റിനെതിരെ ബലാൽസംഗ കേസ് നൽകുന്നത് 2017 ജൂലൈയിലാണ്. അറസ്റ്റിലായ വിൻസെന്റ് പിന്നീട് ജാമ്യത്തിൽ ഇറങ്ങി. കേസിൽ ആ വർഷം അവസാനം തന്നെ നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കൊല്ലം എംഎൽഎയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളിൽ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത പീഡന കേസുകളിൽ ഈ വർഷമാണ് കുറ്റപത്രം നൽകിയത്. മുകേഷ് ചലച്ചിത്ര താരമായിരിക്കുമ്പോൾ ചലച്ചിത്ര മേഖലയിലെ സ്ത്രീകളെ ബലാൽസംഗം ചെയ്‌തെന്നായിരുന്നു ആരോപണം. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
പെരുമ്പാവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പള്ളിക്കെതിരെയും ബലാൽസംഗ കേസിൽ കുറ്റപത്രം നിലവിലുണ്ട്. 2022 ൽ എൽദോസ് പല തവണ പീഡിപ്പിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നും കാട്ടി തിരുവനന്തപുരം സ്വദേശിയായ അദ്ധ്യാപിക നൽകിയ കേസിലാണ് കുറ്റപത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam