
ആലപ്പുഴ: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായല്ലോയെന്ന ചോദ്യത്തോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് പറഞ്ഞ അദ്ദേഹം, ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകുമെന്നും ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന മികച്ച ഒരു മന്ത്രിസഭയായിരിക്കും വരിക. ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. മുസ്ലീം ലീഗിനെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തുന്നത് നാട്ടിൽ സാമുദായിക സ്‌പർധ വളർത്താനാണെന്നും ഇതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ്റെ യോഗനാദം എഡിറ്റോറിയലുമായി ബന്ധപ്പെട്ട ചോദ്യത്തിൽ, വർഗീയത പടർത്തുന്ന രീതിയിൽ വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നായിരുന്നു കെസി വേണുഗോപാലിൻ്റെ പ്രതികരണം. അത്തരം വർഗീയതയ്ക്ക് വളരാനുള്ള മണ്ണല്ല കേരളമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മാത്രമേ യു.ഡി.എഫ് മുന്നോട്ട് പോകൂ. മുന്നണിയിലെ ഐക്യം തകർക്കാനുള്ള നീക്കങ്ങളെ അനുവദിക്കില്ല. ഘടകകക്ഷികളെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam