മന്ത്രിസഭയിൽ ദളിതർക്കും പ്രാമുഖ്യം നൽകിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളിൽ, കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാർക്ക് നൽകുന്ന മുഖ്യമന്ത്രി.
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് 100 ദിവസം പൂർത്തിയാക്കുകയാണ്. വിജയ്ക്കുള്ള സ്വീകാര്യതയും അഴിമതിക്കെതിരായ നിലപാടുമാണ് സർക്കാരിന്റെ കരുത്ത്. പ്രതിപക്ഷത്തെ ദുർബലമാക്കിയതും ടിവികെയ്ക്ക് നേട്ടമായി. എന്നാൽ റീലിൽ ഒതുങ്ങുന്ന സർക്കാരെന്നാണ് ഡിഎംകെ ആക്ഷേപം. സത്യപ്രതിജ്ഞാ ചടങ്ങും സിനിമാറ്റിക് മൊമന്റ് ആക്കി തുടക്കം. തമിഴ്നാട്ടിൽ ആദ്യമായി സഖ്യകക്ഷികൾക്കും സർക്കാരിൽ ഇടം, രാഷ്ട്രീയ എതിരാളികളുടെ
വീടുകളിലെത്തിയുളള ഹൃദ്യമായ കാഴ്ചകൾ. മന്ത്രിസഭയിൽ ദളിതർക്കും പ്രാമുഖ്യം നൽകിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളിൽ, കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാർക്ക് നൽകുന്ന മുഖ്യമന്ത്രി.
നിയമസഭയിലും അറിയാം വിജയ് സർക്കാർ വന്നതിലെ മാറ്റം. സുതാര്യത ഉറപ്പിക്കാൻ സഭാ നടപടികൾ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ വീട്ടമ്മാരും ജെൻസിയുമെല്ലാം വാർത്താ ചാനലുകളുടെ സ്ഥിരം പ്രേക്ഷകരായി. മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ശുദ്ധികലശവും സ്ത്രീസുരക്ഷയ്ക്കായുള്ള സിംഗപ്പെൺ ദൗത്യസേനയും നിക്ഷേപസംഗമത്തിലെ ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളും സ്ത്രീകൾക്കായുള്ള ക്ഷേമപ്രഖ്യാപനങ്ങളും കയ്യടി നേടി. എന്നാൽ ഡിഎംകെ സഖ്യത്തെ പിളർത്തി,
പ്രധാന ഘടകകക്ഷികളെയെല്ലാം സ്വന്തം പാളയത്തിലേക്ക് എത്തിച്ചതാകും വിജയ് യുടെ ഏറ്റവും വലിയ രാഷ്ട്രീയവിജയം. മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രധാന ദൗർബല്യം. പുതുമുഖങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രിമാർ മാത്രം. എഐഎഡിഎംകെ എംഎൽഎമാരെ രാജിവയ്പ്പിച്ചതും സി.വിജയഭാസ്കർ പോലുള്ള അഴിമതിക്കാരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചതും സംശയങ്ങൾക്കിട നൽകി. ബിജെപിയെ പിണക്കി കേന്ദ്രഫണ്ട് കളയാനില്ലെന്ന നയത്തിൽ നിറയേ ആശയക്കുഴപ്പം. മുൻ സർക്കാരിലെ പദ്ധതികളുടെ പേരുമാറ്റം അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷവിമർശനം. വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 7 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാകും ടിവികെ സർക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ.

