'സഹകരണ മേഖലയിൽ സിപിഎം കൊള്ള, കോൺഗ്രസ് ഇടപെടും': കെസി വേണുഗോപാൽ  

By Web TeamFirst Published Jul 31, 2022, 5:06 PM IST
Highlights

സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ്‌ ഇടപെടുമെന്നും വേണുഗോപാൽ

ആലപ്പുഴ : സഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്. തൃശൂർ കരിവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക് ഭരിച്ച സിപിഎമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇതോടൊപ്പം മറ്റ് ബാങ്കുകളിലെ തട്ടിപ്പ് വിവരങ്ങളും പുറത്ത് വന്ന് തുടങ്ങി. സഹകരണ മേഖലയിലാകെയുണ്ടായ തട്ടിപ്പിൽ കോൺഗ്രസ് പഴിക്കുന്നത് സിപിഎമ്മിനെയാണ്.

സഹകരണ മേഖലയിൽ നടക്കുന്നത് സിപിഎം കൊള്ളയാണെന്നാണ് കെ സി വേണുഗോപാൽ എംപി ഉയർത്തുന്ന വിമർശനം. സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ്‌ ഇടപെടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. 

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം ഒരു വിഭാഗത്തെ മാത്രം വേട്ടയാടാനുദ്ദേശിച്ചാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. നിയമത്തിന്റെ വഴിയിൽ തന്നെയാണെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിലകയറ്റം, തൊഴില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചിന്തൻ ശിബിരിൽ പ്രഖ്യാപിച്ചപോലെ തന്നെ കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. 

Karuvannur Bank Scam 'ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ട്'; സി കെ ചന്ദ്രനെ തള്ളി സിപിഎം

അതേ സമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പരസ്പരം പഴിചാരുകയാണ് സിപിഎം നേതാക്കൾ. തനിക്ക് തട്ടിപ്പിൽ പങ്കാളിത്തമില്ലെന്നും ബാങ്ക് സെക്രട്ടറി സുനിലാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും ആരോപണവിധേയനും സിപിഎം മുന്‍ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സി.കെ.ചന്ദ്രന്‍ വിശദീകരിക്കുമ്പോൾ  പാർട്ടി ജില്ലാ സെക്രട്ടറി ഇത് തള്ളുന്നു. 

സി.കെ ചന്ദ്രന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും ബാങ്കിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സി കെ ചന്ദ്രന് അറിയാമായിരുന്നുവെന്നുമാണ്  സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് വിശദീകരിക്കുന്നത്. തട്ടിപ്പിന്റെ വിവരങ്ങൾ അറിയിക്കാത്തിനാലാണ് സി കെ ചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും വർഗീസ് വിശദീകരിച്ചു. കോടികളുടെ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ടെന്ന ഒഴുക്കൻ മറുപടി നൽകുന്ന ജില്ലാ സെക്രട്ടറി, പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്ന ന്യായീകരണവും നിരത്തുന്നു. 

click me!