
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലുമുള്ള ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ വികസിത മധ്യവരുമാന സമൂഹമായി മാറ്റാനുള്ള എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ പരിശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര നിർമ്മാണവും സാമ്പത്തിക വളർച്ചയ്ക്കായുള്ള മൂലധന നിക്ഷേപവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുക. പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക.
ബജറ്റിലെ പ്രധാന ക്ഷേമ പ്രഖ്യാപനങ്ങളെ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. ആശാവർക്കർമാർക്ക് ഓണറേറിയത്തിൽ 1000 രൂപ കൂടി വർദ്ധിപ്പിച്ചു. അംഗനവാടി വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്കും പ്രതിമാസം 1000 രൂപ വർദ്ധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ ഗഡുക്കൾ പൂർണ്ണമായും നൽകും. ഇതിൽ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. പങ്കാളിത്ത പെൻഷന് പകരമായി ഏപ്രിൽ 1 മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും. സർക്കാർ, എയ്ഡഡ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും യുവാക്കൾക്കായി 400 കോടിയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ചതും ചരിത്രപരമായ നീക്കങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
പത്തുവർഷം നടക്കാത്തതാണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്ന പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി ബാലിശം എന്നാണ് വിശേഷിപ്പിച്ചത്. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ ദേശീയപാതാ വികസനവും വിഴിഞ്ഞം തുറമുഖവും യാഥാർത്ഥ്യമായത് കൺമുന്നിലുള്ള സത്യമാണ്. പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇന്ത്യൻ ഫെഡറലിസത്തിന് നേരെയുള്ള കേന്ദ്ര കടന്നാക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പാ പരിധി വെട്ടിക്കുറച്ചും നികുതി വിഹിതം നിഷേധിച്ചും കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള അതിജീവനത്തിന്റെ രേഖപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam